‘മാഡത്തിന് ഒന്നും പറയാനില്ല..’; നാടകം പൊളിഞ്ഞപ്പോള്‍ ബിജെപി നേതാവിന്റെ രക്ഷാശ്രമം

‘മാഡത്തിന് ഒന്നും പറയാനില്ല..’ പാര്‍ട്ടിയിലേക്ക് ആളെച്ചേര്‍ക്കല്‍ നാടകം പൊളിഞ്ഞപ്പോള്‍ മഹിളാമോര്‍ച്ച നേതാവ് പത്മജ രോഷത്തോടെ മാധ്യമങ്ങളെ തടഞ്ഞു. ശശി തരൂരിന്റെ മാതൃസഹോദരി പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചാണ് ബി.ജെ.പി നേതൃത്വം വെട്ടിലായി. കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള നേരിട്ടെത്തിയാണ് തരൂരിന്റെ മാതൃസഹോദരിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാൽ തങ്ങൾ പണ്ടെ ബി.ജെ.പിക്കാരാണെന്നും ഇപ്പോഴത്തെ ചടങ്ങ് എന്തിനെന്ന് അറിയില്ലെന്നും ഇവർ പ്രതികരിച്ചതോടെ ബിജെപിയുടെ നാടകം പൊളിഞ്ഞു. ഇതോടെ ഇരുവരെയും മാധ്യമങ്ങളില്‍ നിന്ന് അകറ്റാനായി പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം. 

വടക്കനു പിന്നാലെ തരൂരിന്‍റെ ബന്ധുക്കളെയും പാർട്ടിയിലെത്തിച്ച് കോൺഗ്രസിനെ ഞെട്ടിക്കുകയായിരുന്നു ബിജെപി തന്ത്രം. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളതന്നെ തരൂരിൻറെ മാതൃസഹോദരി ശോഭനയെയും ഭർത്താവ് ശശികുമാറിനെയും ഷാളണയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇനിയും ഒട്ടേറെപ്പേർ ഇവരെപ്പോലെ ബി.ജെ.പിയിലേക്കത്തുമെന്നും തട്ടിവിട്ടു ശ്രീധരൻപിള്ള.

ചടങ്ങു കഴിഞ്ഞ് പിള്ള മടങ്ങും മുൻപേ കഥ മാറി. ബിജെപിയിൽ ചേർന്നതിനെ കുറിച്ച് തരൂരിൻറെ മാതൃസഹോദരിയോട് പ്രതികരണം തേടിയപ്പോൾ  കാര്യം തുറന്നുപറഞ്ഞു. മഹിളമോർച്ച നേതാവ് പത്മജ പറഞ്ഞിട്ടാണ് വന്നതെന്നും, ഇവർക്കായി തദ്ദേശതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയിരുന്നുവെന്നും ശോഭന വെളിപ്പെടുത്തി. സംഭവം കൈവിട്ടെന്ന് ഉറപ്പായതോടെ ഇവരുടെ കൂടുതൽ പ്രതികരണങ്ങൾ എടുക്കുന്നത് തടയാനായി സംഘാടകരുടെ ശ്രമം.

ഈ സമയത്താണ് തടയാനുള്ള ശ്രമവുമായി നേതാവ് എത്തിയത്.