തിരഞ്ഞെടുപ്പ് ആവേശത്തിൽ കുമ്മനം; സുഗതകുമാരിയുടെ വീട്ടില്‍ നിന്ന് പ്രചാരണത്തുടക്കം

ഒൗദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമായില്ലെങ്കിലും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പ്രചാരണം തുടങ്ങി. ആറന്മുള വിമാനത്താവള സമരത്തില്‍ ഒപ്പം സമരംചെയ്ത കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അനുഗ്രഹം തേടി.

ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കുമ്മനം രാജശേഖരന്‍ ഇന്നുതന്നെ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഒൗദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടന്ന് പാര്‍ട്ടി തന്നെ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണരംഗത്തിറങ്ങിയത്. ആദ്യം കവയിത്രി സുഗതകുമാരിയുടെ വീട്ടിലെത്തി.

ആന്മുള സമരത്തിന്റെ അനുഭവങ്ങള്‍ പങ്കിട്ടു.തുടര്‍ന്ന് വെളളയമ്പലം ബിഷപ്സ് ഹൗസിലേക്ക്. ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അനുഗ്രഹം തേടി. മിസോറമിലെ അനുഭവങ്ങള്‍ ആര്‍ച്ച് ബിഷപ് ചോദിച്ചറിഞ്ഞു.പ്രചാരണം തുടങ്ങിയത് സ്ഥാനാര്‍ഥി തന്നെ സ്ഥിരീകരിച്ചു. ചേങ്കോട്ടുകോണം ആശ്രമം, ചെമ്പഴന്തി മഠം, ശിവഗിരി മഠം തുടങ്ങിയ സ്ഥലങ്ങളും കുമ്മനം പോയി.