മേജർ രവി സിപിഎം വേദിയില്‍; സാർവത്രിക സ്വീകാര്യതയുടെ തെളിവെന്ന് എംഎ ബേബി

കടുത്ത ആർ എസ് എസ് ബി ജെ പി അനുഭാവിയായി അറിയപ്പെടുന്ന സംവിധായകൻ മേജർ രവിയുടെ സാന്നിധ്യം ഇടതു മുന്നണിയുടെ എറണാകുളം പാർലമെന്റ് മണ്ഡലം കൺവൻഷനെ ശ്രദ്ധേയമാക്കി. രാഷ്ട്രീയ നിലപാടുകൾക്കപ്പുറം പി.രാജീവിന്റെ പ്രവർത്തന മികവാണ് പിന്തുണയ്ക്കാനുള്ള  കാരണമെന്ന് മേജർ രവി വിശദീകരിച്ചു. രാജീവിന്റെ സാർവത്രിക സ്വീകാര്യതയുടെ തെളിവാണ് മേജർ രവിയുടെ സാന്നിധ്യമെന്നായിരുന്നു കൺവൻഷൻ ഉദ്ഘാടനം ചെയ്ത സി പി എം പിബി അംഗം എം.എ.ബേബിയുടെ വ്യാഖ്യാനം.

എം.കെ.സാനുവും, ബാലചന്ദ്രൻ ചുള്ളിക്കാടും ,കെ പി എ സി ലളിതയും ഉൾപ്പടെയുള്ള ഇടത് സഹയാത്രികർക്കൊപ്പമാണ് ഇടതു മുന്നണി പാർലമെൻറ് കൺവൻഷൻ വേദിയിൽ മേജർ രവിക്കും ഇരിപ്പിടം കിട്ടിയത്. നരേന്ദ്ര മോദിയുടെയും, ആർ എസ് എസിന്റെയും പല വിവാദ നിലപാടുകളെയും പരസ്യമായി  പിന്തുണച്ചിട്ടുള്ള മേജർ രവിയുടെ ഇടതു വേദിയിലെ സാന്നിധ്യം പ്രവർത്തകരിലും കൗതുകമുണർത്തി. തിരക്ക് പരിഗണിച്ച് ഉദ്ഘാടക പ്രസംഗകനും മുമ്പേ വേദിയിൽ സംസാരിക്കാൻ മേജർ രവിയെ തന്നെ സംഘാടകർ ക്ഷണിക്കുകയും ചെയ്തു.  

എന്റെ നിലപാട് വേറെയാകാം. രാജീവിന്റ പ്രവർത്തന മികവ് പ്രധാനമാണ്. എന്നെ ഇവിടെ കണ്ട് പലരുടെയും നെറ്റി ചുളിയുന്നുണ്ടാകാം. ഇങ്ങനെ നീണ്ടും മേജര്‍ രവിയുടെ പ്രസംഗം. ആർ എസ് എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച കൺവൻഷൻ ഉദ്ഘാടകൻ എം.എ.ബേബി ആർ എസ് എസ് അനുഭാവിയായ മേജർ രവിയുടെ സാന്നിധ്യത്തെ സാർവത്രിക സ്വീകാര്യതയുടെ തെളിവെന്ന് വ്യാഖ്യാനിച്ചു. മേജർ രവിക്ക് ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇടതു മുന്നണി നേതാക്കളും ആയിരക്കണക്കിന്  പ്രവർത്തകരും എറണാകുളം ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിക്കപ്പെട്ട കൺവെൻഷനിൽ പങ്കെടുത്തു.