സ്വകാര്യവ്യക്തിയുടെ പിടിവാശി; പതിനഞ്ചിലേറെ കുടുംബങ്ങള്‍ ദുരിതത്തിൽ

തിരുവനന്തപുരം ചിറയിന്‍കീഴിന് സമീപം നടവഴി പുനരുദ്ധരിക്കാനുള്ള പദ്ധതി സ്വകാര്യവ്യക്തിയുടെ പിടിവാശിയെത്തുടര്‍ന്ന് പാതിവഴിയില്‍. വക്കം ഗ്രാമപഞ്ചായത്തിലെ ഗാന്ധിമുക്കില്‍ പതിനഞ്ചിലേറെ കുടുംബങ്ങള്‍ക്കുള്ള നടവഴിയുടെ വികസനമാണ് തടസപ്പെട്ടിരിക്കുന്നത്. 

ഗാന്ധിമുക്ക് യു.ഐ.ടി കോളജിനു പുറകില്‍ ഒന്നരമീറ്റര്‍ വീതിയും എഴുപതു മീറ്റര്‍ നീളവുമുള്ള കുത്തിറക്കമാണ് നടവഴി. പതിനഞ്ചിലേറെ കുടുംബങ്ങള്‍ ഈ ഇടുങ്ങിയ വഴിയിലൂടെ വേണം പൊതുനിരത്തില്‍ എത്തിപ്പെടാന്‍. സ്ഥലവാസികളുടെ പരാതി പരിഗണിച്ച് ഗ്രാമപഞ്ചായത്ത് രണ്ടുലക്ഷത്തി അമ്പതിനായിരം രൂപയുടെ തനത് പദ്ധതി ആവിഷ്കരിച്ചു. പ്രാരംഭവ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പാതയോരത്തെ സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചു സ്റ്റേ നേടിയത്. ഇതോടെ പുനരുദ്ധാരണം അനിശ്ചിതത്വത്തിലായി.

ഒരു വ്യക്തിയുടെ സ്വാര്‍ഥതാല്‍പര്യം നൂറുകണക്കിനു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിന്റെ അമര്‍ഷത്തിലാണ് നാട്ടുകാര്‍. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെക്കുന്നു.