ജവാന്മാരെ ഓർത്ത് ഹൃദയം നിന്നുപോകുന്നു; വേദനയോടെ മോഹൻലാൽ

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കുടുംബത്തിന് വേണ്ടി പ്രാർഥിച്ചും പ്രമുഖരുൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ ജവാന്മാരെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. 

''രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുകയാണ്. അവർ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം. അവരുടെ ദുഃഖത്തിൽ നമുക്കും പങ്കുച്ചേരാ''-മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിന് പുറമേ നിവിൻ പോളി,കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്.  78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരം ജയ്ഷെ ഭീകരൻ സ്ഫോടകവസ്തു നിറച്ച എസ്‌യുവി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.