പ്രചാരണം സജീവമാക്കി ബിജെപി; പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വിഡിയോ വാൻ

സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി ബിജെപി. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീഡിയോ വാന്‍ ഒരുക്കിയാണ് പാര്‍ട്ടി പ്രചാരണരംഗത്ത് സജീവമാകുന്നത്. ഇതിനൊപ്പം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായവും സ്വീകരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളും, നേട്ടങ്ങളും വോട്ടര്‍മാരിലേയ്ക്ക് എത്തിക്കുക എന്നതാണ് വീഡിയോ പ്രചാരണ പരിപാടിയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള കാസര്‍കോട്ട്  പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപിയെ ഭയന്ന് സംസ്ഥാനത്ത് ഇരുമുന്നണികളും നുണപ്രചാരണം നടത്തുകയാണ്. അറവുശാലയില്‍ നിന്നുയരുന്ന അഹിംസാവാദം പോലെയാണ് അക്രമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണമെന്നും അദ്ദേഹം ആരോപിച്ചു. 

വരും ദിവസങ്ങളില്‍ ഓരോ ജില്ലകളിലേയും പ്രധാനകേന്ദ്രങ്ങളില്‍ വിഡിയോ സ്ക്രീന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പര്യടനം നടത്തും. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പെട്ടിയില്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കാം.