മെയ്ഡ് ഇന്‍ കേരള സ്മോള്‍ ബിസിനസ് എക്സോപോയ്ക്ക് തുടക്കമായി

ചെറുകിട സംരംഭകരുടെ പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിസാധ്യതയൊരുക്കി മെയ്ഡ് ഇന്‍ കേരള സ്മോള്‍ ബിസിനസ് എക്സോപോയ്ക്ക് തുടക്കമായി. മലയാള മനോരമയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വപ്ന നഗരിയിലാണ് മേള ആരംഭിച്ചത്. വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലന സൗകര്യവുമുണ്ട്. 

ഓരോ ഉല്‍പ്പന്നങ്ങളിലും പുതുമയും മികവും വേണ്ടുവോളമുണ്ട്. പലതും ഇതിനകം സ്വീകരണമുറിയിലും അടുക്കളയിലുമെല്ലാം ഇടംനേടിയവയാണ്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും യന്ത്രങ്ങളും തുടങ്ങി അന്‍പതിലധികം കൗണ്ടറുകളുണ്ട്. 

ചെറുകിട സംരംഭകരില്‍ നിന്ന് ശേഖരിച്ച കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ്.

പ്ലാസ്റ്റിക്കിന് പകരമെന്തെന്ന ചോദ്യത്തിന് മറുപടിയുമായി മണ്‍പാത്രങ്ങളും മാലിന്യ സംസ്ക്കരണത്തിനുള്ള പുതുവഴികളും മേളയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

വിദഗ്ധര്‍ അവതരിപ്പിക്കുന്ന സെമിനാറുകള്‍, പൊതുചര്‍ച്ച തുടങ്ങിയവ മേളയുടെ ഭാഗമാണ്. സൗജന്യ നേത്ര പരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്. പതിമൂന്ന് വരെ പ്രദര്‍ശനം തുടരും.