തീരദേശ റോഡിന്റെ പൂര്‍ത്തീകരണം: ആലപ്പുഴയിൽ സ്ത്രീകളുടെ നിരാഹാരസമരം

തീരദേശ റോഡിന്റെ പൂര്‍ത്തീകരണത്തിനായി ആലപ്പുഴ വാടയ്ക്കലില്‍ സ്ത്രീകളുടെ നിരാഹാരസമരം. സ്വകാര്യ ഹോംസ്റ്റേയുടെ ഭൂമി ഏറ്റെടുക്കാൻ പൊതുമരാമത്തു ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് വികസനം മുടങ്ങാന്‍ കാരണമെന്നാണ് ആരോപണം. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പത്തുവര്‍ഷമായി പണി നടക്കുന്നില്ല

നഗരസഭാ പരിധിയില്‍ വാടയ്ക്കലില്‍ ഈ പാലം പണിതത് 2007ലാണ്. പാലം നിര്‍മിച്ചെങ്കിലും തെക്കുഭാഗത്തേക്കുള്ള റോഡ് നിര്‍മിച്ചില്ല. ഭൂമി ഏറ്റെടുക്കല്‍ ഇഴയുന്നതാണ് കാരണം. സമീപത്തെ വീട്ടുകാരെല്ലാം സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടും തൊട്ടടുത്തുള്ള ഹോംസ്റ്റേ ഉടമ തടസം നില്‍ക്കുകയാണ്. പാത നിർമ്മാണം പൂർത്തിയാക്കാന്‍ 43ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.

ഒരാഴ്ച പിന്നിട്ട സമരം വിജയംകണ്ടേ അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. തീരദേശ റോഡിന്റെ നിർമാണം പൂർത്തിയായാൽ വണ്ടാനം മെഡിക്കൽ കോളേജിലെക്കും മറ്റും തീരദേശവാസികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. 200 മീറ്റര്‍ തികച്ചുവേണ്ട ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ നീളം.