ചിന്നത്തമ്പിയെ തളയ്ക്കാൻ കലീമിനുമായില്ല, ഇനി ആര്

മറയൂർ: തമിഴ്‌നാട് ഉദുമൽപേട്ടയിലെ ഗ്രാമങ്ങളിലും കൃഷിതോട്ടത്തിലും ചുറ്റിത്തിരിയുന്ന ‘ചിന്നത്തമ്പി’യെന്ന ഒറ്റയാനെ തളയ്ക്കാൻ ശ്രമം തുടരുന്നു. ആനയെ കാട്ടിലേക്കു തിരിച്ചയയ്ക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം വിജയിക്കാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച രാത്രി ടോപ് സ്‍ലിപിൽ നിന്ന് കൊണ്ട് വന്ന കലീം എന്ന താപ്പാനയെ ഉപയോഗിച്ച് ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല

രണ്ട് ആഴ്ചയ്ക്കു മുൻപ് കോയമ്പത്തൂർ, കണുവായ്, പന്നിമട ഗ്രാമപ്രദേശങ്ങളിൽ ഇറങ്ങിയ 2 കാട്ടാനകളിൽ ഒന്നിന് വിനായകനെന്നും മറ്റൊന്നിന് ചിന്നത്തമ്പിയെന്നും ഗ്രാമവാസികൾ പേരിട്ടു. വനംവകുപ്പ് താപ്പാനകളെ ഉപയോഗിച്ചു വിനായകനെ മുതുമല വന്യ ജീവിസങ്കേതത്തിലും ചിന്നതമ്പിയെ പൊള്ളാച്ചിക്ക് സമീപം ടോപ് സ്‍ലിപ്പ് വനത്തിലും വിട്ടിരുന്നു.

ചിന്നത്തമ്പിയെ നിരീക്ഷിക്കാൻ റേഡിയോ കോളറും(ജിപിഎസ്) ഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വനത്തിൽ നിന്ന് ഇറങ്ങിയ ചിന്നത്തമ്പി 2 ദിവസം മുൻപാണു തേവനൂർപുതൂർ വഴി ഉദുമൽപേട്ട മഠത്തുകുളം മേഖലയിലെ കൃഷിത്തോട്ടങ്ങളിലെത്തിയത്. 

ഒറ്റ രാത്രി നൂറു കിലോമീറ്ററോളം ദൂരം ആന സഞ്ചരിച്ചതായി പ്രദേശവാസികൾ പറയുന്നു. കരിമ്പ്, ചോളം തോട്ടങ്ങളിൽ ആന വ്യാപക നാശം വരുത്തിയിട്ടുണ്ട്.ആനയെ കാണാൻ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിനു പേരാണു തടിച്ച് കൂടുന്നത്