വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളി അതിർത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണം.  കർണാടക ബൈരക്കുപ്പ വനമേഖലയിൽ ഇന്ന് പുലര്ച്ചെയാണ് ആക്രമണമുണ്ടായത്. കർണാടക ഗുണ്ടറ പുളിമൂട്ടിൽ ചിന്നപ്പൻ ആണ് കൊല്ലപ്പെട്ടത് . 

ഇന്ന് രാവിലെയാണ് ചിന്നപ്പന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധിച്ചിരുന്നു. അ‍ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചു. കടുവയെ പിടികൂടാന്‍ നടപടികളെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബൈരക്കുപ്പ  വനമേഖലയിൽ 2 മാസത്തിനിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത് . 

നേരത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ കർണാടക സ്വദേശിയായ ആദിവാസി യുവാവിനെയാണ് കടുവ കടിച്ചു കൊലപ്പെടുത്തിയത്. ഈ പ്രദേശത്തോട് ചേർന്ന പുൽപ്പള്ളി മരക്കടവ് ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ച കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു .

കബനീ നദി നീന്തിയെത്തുന്ന കടുവ കർഷകരുടെ രണ്ട് പശുക്കളെ ആക്രമിക്കുകയും ചെയ്തു. രണ്ടു വട്ടം കടുവയെ ശബ്ദമുണ്ടാക്കി കര്ഷകര് തന്നെയാണ് തുരത്തിയോടിച്ചത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പുല്‍പ്പള്ളി മരക്കടവിൽ വനം വകുപ്പ് കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്.