കമലാക്ഷിയമ്മയ്ക്ക് വീടൊരുങ്ങി; ആശ്വാസതണൽ നൽകിയത് മന്ത്രി ജി സുധാകരൻ

മഹാപ്രളയത്തിൽ വീട് നഷ്ടമായ മുത്തശ്ശിക്ക് കുട്ടനാട്ടില്‍ വീടൊരുങ്ങി. പള്ളാത്തുരുത്തിയിലെ നൂറ്റിയാറ് വയസുകാരി കമലാക്ഷി അമ്മയ്ക്കാണ് മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്ത് വീട് നിര്‍മിച്ചുനല്‍കിയത്

പ്രളയത്തിൽ വീടുകൾ സന്ദർശിക്കുന്ന സമയത്താണ് പള്ളാത്തുരുത്തിയിലെ കമലാക്ഷിയമ്മയുടെ വീടിന്റെ ശോചനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തില്‍ ജനകീയ സമതി രുപീകരിച്ചു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ പ്രളയത്തിനായി സമാഹരിച്ച ഒരുലക്ഷം രൂപയും ചേർത്ത് മൂന്നര ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്.

രണ്ടു പെണ്‍മക്കള്‍ മാത്രമുള്ള കമലാക്ഷിയമ്മ തകര്‍ന്ന വീട്ടിലായിരുന്നു ഇത്രനാളും കഴിഞ്ഞിരുന്നത്. മൂന്നുമുറികളുള്ളതാണ് പുതിയ വീട്. സര്‍ക്കാര്‍ സഹായത്തോടെയുള്ള മറ്റുവീടുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ചടങ്ങില്‍ അറിയിച്ചു