കണ്ണൂരിൽ നിന്നും കൂടുതൽ ആഭ്യന്തര സർവീസുകൾ; മുഖ്യമന്ത്രിയ്ക്ക് ഉറപ്പുനൽകി കമ്പനികൾ

കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നും വെള്ളിയാഴ്ച മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാല് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് വിവിധ വിമാനകമ്പനി മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നിന്നും കൂടുതല്‍ ആഭ്യന്തര രാജ്യാന്തര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പുനല്‍കി.

ബെംഗളൂരു, ഹൈദരാബാദ്, ഹുബ്ലി, ഗോവ എന്നിവിടങ്ങളിലേക്കാണ് വെള്ളിയാഴ്ച മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുക. അടുത്തമാസം 28ന് മസ്കറ്റിലേക്കും, മാര്‍ച്ചു 15ന് കുവൈത്തിലേക്കും ഏപ്രില്‍ ആദ്യവാരത്തോടെ ജിദ്ദയിലേക്കും സര്‍വീസ് ആരംഭിക്കും. മാര്‍ച്ചു 31 മുതല്‍ തിരുവനന്തപുരത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്നും കമ്പനിക പ്രതിനിധികള്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബഹറൈന്‍, കുവൈത്ത്, മസ്കറ്റ് സര്‍വീസുകളും സമയബന്ധിതമായി ആരംഭിക്കും. കണ്ണൂരില്‍ നിന്നും  ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ക്കുള്ള അനിയന്ത്രിത ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

പത്ത് ആഭ്യന്തര വിമാനകമ്പനികളുടേയും, പന്ത്രണ്ട് രാജ്യാന്തര വിമാനകമ്പനികളുടേയും പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. വിവാദങ്ങളെ തുടര്‍ന്നു മുടങ്ങിപോയ സീപ്ലെയിന്‍ പദ്ധതി സംസ്ഥാനത്തെ റിസര്‍വോയറുകള്‍ കേന്ദ്രീകരിച്ച് പുനഃരാരംഭിക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍. ചൗബേ നിര്‍ദേശിച്ചു. വ്യോമയാന മന്ത്രിലായത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.