കൊട്ടക്കാമ്പൂർ ഭൂമിവിവാദം തിരഞ്ഞെടുപ്പില്‍ ആയുധമാക്കാൻ കോൺഗ്രസ്

ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട  കൊട്ടക്കാമ്പൂര്‍ ഭൂമിവിവാദം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന   ചര്‍ച്ചാ വിഷയമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജോയ്സ് ഭൂരേഖകള്‍ ഹാജരാക്കാത്തത് പിടിക്കപ്പെടുമെന്ന് ഭയമുള്ളതിനാലാണെന്ന് പി.ടി തോമസ്  എംഎല്‍എ ആരോപിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുവരെ മുഖം രക്ഷിക്കാനാണ് എം പിയുടെ ശ്രമമെന്നും ആരോപണമുണ്ട്. 

കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകൾ വ്യാജമായതിനാലാണ് ജോയ്സ് ജോർജ് എംപി ദേവികുളം സബ് കലക്ടർക്കു മുൻപിൽ ഹാജരാകാത്തതെന്നു പി.ടി. തോമസ് എംഎൽഎ. രേഖകൾ ഹാജരാക്കാൻ 3 സബ് കലക്ടർമാർ 5 തവണയാണ് നോട്ടിസ് നൽകിയത്. ഹാജരാകുന്നത് ഒഴിവാക്കാനാണ് എംപിയുടെ ശ്രമം. ഇതിനാണ് ഹൈക്കോടതിയിൽ നിന്നു സ്റ്റേ നേടിയത്.

1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചതായാണ് എംപിയുടെ വാദം. എന്നാൽ ഇത്തരത്തിൽ പട്ടയം ലഭിക്കണമെങ്കി‍ൽ 1971നു മുൻപു ഭൂമി കൈവശം വേണം. വിവാദഭൂമി ഉൾപ്പെടുന്ന കൊട്ടാക്കാമ്പൂർ 58–ാം ബ്ലോക്കിൽ 1974ലെ റീസർവേ രേഖകൾ പ്രകാരം ആരും താമസമില്ല. എംപിയുടെ പിതാവിനു ഭൂമി വിൽപന നടത്തിയെന്നു പറയുന്ന 8 പേരിൽ ചിലർ ഈ കാലത്തു ജനിച്ചിട്ടു പോലുമില്ല.പട്ടയം അനുവദിക്കാൻ ദേവികുളം താലൂക്കിൽ ലാന്റ് അസൈൻമെന്റ് കമ്മിറ്റി ചേർന്നിട്ടില്ല.  വിവരാവകാശ രേഖകളുമായാണ് പി.ടി. തോമസ് ആരോപണം ഉയര്‍ത്തിയത്.

അതേസമയം, ഹൈക്കോടതി നിർദേശമനുസരിച്ച് രേഖകളെക്കുറിച്ച്‌ അന്വേഷണം നടത്തിയ പൊലീസ് ഒരു രേഖയും ലഭ്യമല്ലെന്നാണ്  മറുപടി നൽകിയത്.