മണൽമാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം; ഡാളി അമ്മൂമ്മയുടെ വീട് കുത്തിതുറന്ന് ആക്രമണം

നെയ്യാറിലെ മണൽമാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം തുടരുന്ന ഡാളി അമ്മൂമ്മയുടെ വീട് കുത്തിതുറന്നു രേഖകൾ കത്തിച്ചനിലയിൽ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അധികൃതര്‍ അഗതി മന്ദിരത്തിലാക്കിയ അമ്മൂമ്മ തിരികെ എത്തിയപ്പോഴാണ് രേഖകളെല്ലാം കത്തിച്ച നിലയില്‍ കണ്ടെത്തിയത്. മണല്‍മാഫിയയാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 

നാല് മാസം മുമ്പ് നെയ്യാറിലെ വെള്ളപ്പൊക്കത്തെ തുടർന്നു ഫയർഫോഴ്സ് ഒഴിപ്പിച്ച് അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു ഡാളി അമ്മൂമ്മയെ. വീട്ടിലെത്തിയപ്പോഴാണു പെട്ടിയിൽ സുക്ഷിച്ചിരുന്ന ആധാരം, പെൻഷൻബുക്ക് തുടങ്ങി രേഖകളെല്ലാം കത്തിച്ചനിലയിൽ കണ്ടത്. വീടിന്‍റെ പിന്‍ഭാഗത്തെ പൂട്ടും കുത്തിത്തുറന്ന നിലയിലാണ്. പെന്‍ഷന്‍ അടക്കം മുടങ്ങുമെന്ന ആശങ്കയിലാണ് എണ്‍പതുകാരിയായ അമ്മൂമ്മ.

നെയ്യാറിന്‍റെ ഗതിമാറ്റിയ മണൽക്കടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന   ഡാളി മണല്‍മാഫിയയ്ക്ക് എന്നും തലവേദനയാണ്. കാ‍ഞ്ഞിരംമൂട് കടവിന് എതിർഭാഗത്തു പത്ത് സെന്റോളം സ്ഥലമുണ്ടായിരുന്ന ഡാളിക്ക് മണൽഖനനം കാരണമായുണ്ടായ മണ്ണിടിച്ചിലിൽ അവശേഷിക്കുന്നതു മൂന്ന് സെന്‍റ് മാത്രമാണ്. ശക്തമായ വെള്ളപ്പാച്ചിലിൽ ഡാളിയുടെ വീട്ടിലേക്കുള്ള വഴിയും  തകർന്നു. വഴിയില്ലാതായതോടെ വള്ളത്തിലാണ് വീട്ടിലേയ്ക്കെത്തുന്നത്.