പ്രസംഗിക്കുന്നതിനിടയിൽ പ്രമുഖ ഗാന്ധിയൻ കെ.പി.എ.റഹീം കുഴഞ്ഞ് വീണ് മരിച്ചു

ഗാന്ധിജിയെ കുറിച്ച് പ്രസംഗിക്കുന്നതിനിടയിൽ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ്ഫൗണ്ടേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം കുഴഞ്ഞ് വീണ് മരിച്ചു. മാഹിയിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ ഏൺപത്തിയഞ്ചാം വാർഷിക പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. 

ഗാന്ധിജി വന്ന മണ്ണിൽ ഗാഡിയെ കുറിച്ച് സംസാരിച്ച് കെ.പി.എ.റഹീം യാത്രയായി. 

സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങിനിടെയാണ് കുഴഞ്ഞ് വീണത്. ഗാന്ധി സന്ദർശിച്ച മാഹി പുത്തലത്തെ ക്ഷേത്രത്തിലായിരുന്നു പരിപാടി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാനൂർ സ്വദേശിയാണ് റഹീം. അറുപത്തിയേഴ് വയസായിരുന്നു. മികച്ച വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായിരുന്നു റഹീം. കബറടക്കം നാളെ രാവിലെ പത്തിന് പാനൂർ ജുമാ മസ്ജിദിൽ നടക്കും.