പണിമുടക്ക് ദിനം കൊച്ചിയില്‍ ആഢംബരക്കപ്പൽ‌; വന്‍ വരവേല്‍പ്

പണിമുടക്ക് ദിനം വിദേശ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ ക്രൂയിസ് കപ്പലിന് വന്‍ വരവേല്‍പ്. സഞ്ചാരികളുമായി നഗരം ചുറ്റാന്‍ പണിമുടക്ക് മറന്ന് അഞ്ഞൂറിലധികം ഒാട്ടോറിക്ഷകളും ടാക്സികാറുകളും കൊച്ചി തുറമുഖത്തെത്തിയിരുന്നു. സമരാനുകൂലികള്‍ ആരും തന്നെ ഇവരുടെ സഞ്ചാരം തടസപ്പെടുത്തിയില്ല.

യൂറോപ്യന്‍ കപ്പലായ കോസ്റ്റ നിയോ റിവേറിയയാണ് ആയിരത്തോളം സഞ്ചാരികളുമായി ഇന്ന് രാവിലെ കൊച്ചി തീരമണഞ്ഞത്. പണിമുടക്കിന്റെ രണ്ടാം ദിനം ഇത്രയും സഞ്ചാരികളുമായി കപ്പലെത്തുമ്പോള്‍ പ്രതിഷേധവുമായി സമരക്കാര്‍ എത്തുമോ എന്നുള്ള ആശങ്കയിലായിരുന്നു തുറമുഖ അധികൃതരും ടൂര്‍ കമ്പനികളും. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. സഞ്ചാരികളെ സ്വീകരിക്കാനും നഗരം ചുറ്റിക്കാനുമായി ഒാട്ടോക്കാരും ടാക്സിക്കാരും മത്സരിച്ചെത്തി.

കപ്പലിലെത്തിയ ചിലര്‍ കൊച്ചിയില്‌ യാത്ര മതിയാക്കി നെടുമ്പാശേരിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കും. മറ്റുള്ളവര്‍ ഈ കപ്പലില്‍ തന്നെ മാലിദ്വീപിലേക്ക് പോകും.

ഈ സീസണില്‍ കൊച്ചിയിലെത്തുന്ന 26ാമത്തെ ആഡംബര കപ്പലാണിത്.പണിമുടക്കില്‍ സാധാരണക്കാര്‍ വലഞ്ഞെങ്കിലും കേരളം കാണാനെത്തിയ വിദേശികള്‍ക്ക് യാതൊരു തടസവുമില്ലാതെ തന്നെ കൊച്ചിയില്‍ ചുറ്റിക്കറങ്ങാനായി.