പൊതുഗതാഗതം നിലച്ചു; വിനോദസഞ്ചാരമേഖലക്ക് നഷ്ടം; പണിമുടക്കില്‍ വലഞ്ഞ് ജനം

ദേശീയ പണിമുടക്ക് കേരളത്തില്‍  ജനജീവിതത്തെ സാരമായി ബാധിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിലച്ചതോടെ നിരത്തുകളില്‍ ജനം വലഞ്ഞു. പലയിടത്തും ശബരിമല തീര്‍ഥാടകര്‍ പെരുവഴിയിലായി. വ്യവസായ – വിനോദ സഞ്ചാര മേഖലയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. 

വിവിധ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കിൽ നിശ്ചലമായി നാടും നഗരവും. സെക്രട്ടേറിയറ്റ് ഉൾപ്പടെ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. വിദ്യാലയങ്ങളും കടകളും ഹോട്ടലുകളും അട‍ഞ്ഞു കിടക്കുന്നു.  നാമമാത്രമായ സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുളളത്. ശബരിമല തീര്‍ഥാടകര്‍ ദുരിതത്തിലായി. കെ എസ് ആര്‍ ടി സി വളരെക്കുറച്ച് പമ്പ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. 

കൊല്ലത്തും ടെക്നോപാർക്കിന് മുന്നിലും  പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാതയിലൂടെ വാളയാർ വഴിയുള്ള ചരക്കുഗതാഗതം തടസപ്പെട്ടു.കൊച്ചി മെട്രോ മാത്രമാണ് തടസം കൂടാതെ പ്രവർത്തിച്ച ഏക പൊതുഗതാഗത സംവിധാനം . ആലപ്പുഴയിലെയും, മൂന്നാറിലെയും വിനോദ സഞ്ചാര മേഖലയിലും കനത്ത നഷ്ടമാണുണ്ടായത്. 

തൃശൂർ കൊരട്ടി ഇൻഫോപാർക്കിലടക്കം ചിലയിടങ്ങളിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. എറണാകുളം പള്ളിക്കരയിൽ കട തുറന്ന മൂന്നു വ്യാപാരികൾക്ക് പണിമുടക്ക് അനുകൂലികളുടെ മർദ്ദനമേറ്റതായി പരാതിയുണ്ട്. സമരാനുകൂലികൾ വിവിധയിടങ്ങളില്‍  പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പണിമുടക്ക് രാത്രി പന്ത്രണ്ടുവരെ തുടരും .