ഹാഷ്ടാഗിലൊതുക്കരുത്; ആലപ്പാട്ടേക്ക് നീണ്ട് പിന്തുണാക്കരങ്ങൾ; മലയാളസിനിമ ഒപ്പം

സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്  എന്നീ  ഹാഷ്ടാഗുകളില്‌ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം  ഏറ്റെടുത്തതോടെയാണ് പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. 

പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍  ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ച് കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും ടൊവിനോ പറയുന്നു.

ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്.  ഒരു ഫെയ്സ്ബുക്ക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു. നടന്‍ സണ്ണി വെയ്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ  ഭാഗമായത് . 

നടിമാരായ അനു സിത്താര, രജീഷ വിജയന്‍,  പ്രിയാ വാരിയര്‍ , ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്‍പന്‍സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിന് പിന്തുണയുമായി നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.