കോവളം ബീച്ചിൽ അടിയൊഴുക്കു ശക്തം; തിരയടിയേറ്റു വിദേശവനിതയുടെ കയ്യൊടിഞ്ഞു

ഫയൽ ചിത്രം

ലൈറ്റ് ഹൗസ് തീരത്തെ പ്രത്യേക ഭാഗത്ത് അടിയൊഴുക്കു ശക്തം.ഒരാഴ്ചക്കിടെ തുടർച്ചയായ ദിവസങ്ങളിൽ ലൈഫ് ഗാർഡുകൾ രക്ഷിച്ചത് 15  സഞ്ചാരികളെ.ബീച്ചിന്റെ ഏതാണ്ട് മധ്യ ഭാഗത്തോടടുത്ത സ്ഥാനത്താണ് അപ്രതീക്ഷിത അടിയൊഴുക്കു പെട്ടെന്നുണ്ടാവുന്നതെന്ന് ലൈഫ് ഗാർഡുകൾ. അപായ സൂചനാ കൊടി നാട്ടുകയും സഞ്ചാരികൾക്കു  മുന്നറിയിപ്പു നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും ഇവർ പറഞ്ഞു.

ശാന്തമായ കടലിൽ  പെട്ടെന്നു വരുന്ന അടിയൊഴുക്കാണ് ഈ ഭാഗത്ത് കുളിക്കുന്ന സഞ്ചാരികളെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത്. എല്ലാവരെയും  രക്ഷിക്കാനായത്  ലൈഫ് ഗാർഡുകളുടെ നിതാന്ത ജാഗ്രത കാരണമാണ്.കരയിൽ നിന്നും വളരെ ദൂരെയായവരെ ലൈഫ് ഗാർഡുകൾ സാഹസികമായാണ് രക്ഷിച്ചത്. സർഫ് ക്ലബ് അംഗങ്ങളിൽ ചിലരും രക്ഷാ ദൗത്യത്തിൽ ലൈഫ് ഗാർഡുകളെ സഹായിച്ചു.

തിരയടിയേറ്റു വിദേശവനിതയുടെ കയ്യൊടിഞ്ഞു

കോവളം∙കടൽക്കുളിക്കിടെ തിരയടിയേറ്റു വിദേശ വനിതയുടെ കയ്യൊടിഞ്ഞു.ഇന്നലെ ഉച്ചക്ക് ലൈറ്റ് ഹൗസ് ബീച്ചിനും  ഇടക്കല്ല് പാറക്കൂട്ടത്തിനും മധ്യേയുള്ള തീരത്തുണ്ടായ അപകടത്തിൽ അമേരിക്കയിൽ നിന്നുള്ള കരോളി(50)നിന്റെ വലതു കയ്യാണു പൊട്ടിയത്. ഭർത്താവ് ഗ്യാരിറിച്ചാർഡ്സണൊപ്പം കുളിക്കവെ പെട്ടെന്നായിരുന്നു  തിരയടിയുണ്ടായതെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു.തിരതൂക്കിയെറിയവെ വലതുകൈ തറയിൽ ഇടിച്ചാണു പൊട്ടലെന്നും അവർ പറഞ്ഞു. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.108 ആംബുലൻസിൽ  നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.