അയ്യപ്പന്റെ പേരിൽ കത്തുകളായി കണ്ണീരും സ്നേഹവും; അനുഗ്രഹമായി അയ്യപ്പമുദ്ര

അയ്യപ്പനെ കണ്ടു മലയിറങ്ങുമ്പോൾ സന്നിധാനത്തു നിന്ന് ഒരു കത്തയയ്ക്കാം. ശബരീശമുദ്ര പതിപ്പിച്ച് ആ കത്ത് വീടു തേടിയെത്തും. ശബരിമല മാളികപ്പുറത്തിനു സമീപത്തുള്ള പോസ്റ്റ് ഓഫിസിൽ നിന്നു നാട്ടിലേക്കും സുഹൃത്തുക്കൾക്കും കത്തയയ്ക്കുന്നവരേറെ. കത്തുകളിൽ പതിക്കുന്ന സീൽ പതിനെട്ടാംപടിക്കു മുകളിലിരിക്കുന്ന അയ്യപ്പന്റെ രൂപമാണ്.

ശബരിമലയിൽ നിന്നു പോകുന്ന കത്തുകളിലെല്ലാം ഈ സ്റ്റാംപ് പതിപ്പിക്കും. ഈ മുദ്രയുള്ള കത്ത് ഭക്തിയോടെ സൂക്ഷിക്കുന്നവരുണ്ട്. ശബരിമലയിൽ 1960 ലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് ആരംഭിച്ചത്. ഇപ്പോൾ സബ് പോസ്റ്റ് ഓഫിസാണ്. 1975 ലാണ് പതിനെട്ടാംപടിയുടെ ചിത്രമുള്ള സീൽ പതിപ്പിച്ചു തുടങ്ങിയത്. 689713 എന്നതാണു ശബരിമലയുടെ പിൻകോഡ്. അയ്യപ്പന്റെ പേരിൽ കണ്ണീരും സന്തോഷവും നിറയുന്ന ഒട്ടേറെ കത്തുകളാണ് ശബരിമല പോസ്റ്റ് ഓഫിസുകളിലെത്തുന്നത്.

ഗൃഹപ്രവേശം, വിവാഹം, സ്ഥാപന ഉദ്ഘാടനം തുടങ്ങിയവയ്ക്കെല്ലാം ഭഗവാൻ അയ്യപ്പന്റെ പേരിൽ കത്തയയ്ക്കുന്നവരുണ്ട്. മണിയോർഡറുകളും വരാറുണ്ട്. എല്ലാ കത്തുകളും എക്സിക്യൂട്ടീവ് ഓഫിസറെ ഏൽപിക്കും. സീസണിൽ മാത്രമാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുക. നവംബർ 16 നു തുറന്ന ഓഫിസ് ജനുവരി 19 വരെ ഉണ്ടാകും. വിഷുവിനും തുറക്കും. പത്തനംതിട്ട ഡിവിഷനു കീഴിലുള്ള വിവിധ പോസ്റ്റ് ഓഫിസുകളിലെ ആറ് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്