കരിപ്പൂർ വലിയ വിമാനങ്ങളുടെ സർവീസ്; മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘമെത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘമെത്തി. അടുത്ത മാസം അഞ്ചിന് ആദ്യവിമാനം പറക്കുന്നതിന് മുന്നോടിയായി നാലു ദിവസത്തിനകം ഒാഫീസും ജീവനക്കാരും സജ്ജമാകും. 

മുംബൈയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്റെ വിദഗ്ധസംഘം റണ്‍വേയും വിമാനത്താവളത്തിലെ സൗകര്യങ്ങളും പരിശോധിച്ചു. സൗദി എയറിന്റെ കൗണ്ടറിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നു ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു. ഗ്രൗണ്ട് ഹാന്റിലിങ് സേവനങ്ങള്‍ക്ക് ഭദ്ര ഏജന്‍സിക്കാണ് ചുമതല. ആഴ്ചയില്‍ നാലു ദിവസം വീതം ജിദ്ദയിലേക്കും മൂന്നു ദിവസം റിയാദിലേക്കും തിരിച്ച് കരിപ്പൂരിലേക്കും  സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. തിങ്കള്‍ , ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ വെളളി , ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കും ഉച്ചക്ക് 1.10നാണ് പുറപ്പെടുക. സൗദി അറേബ്യയിലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നേകാലിന് ജിദ്ദയില്‍ നിന്നും 4.05ന് റിയാദില്‍ നിന്നുമാണ് കരിപ്പൂരിലേക്കുളള യാത്ര.

298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് 330–300  വിമാനമുപയോഗിച്ചാണ് സൗദി എയര്‍ലൈസ് സര്‍വീസ് നടത്തുക. ഏറ്റവും ലാഭകരമായ സൗദി സെക്ടറിലേക്ക് സര്‍വീസ് ആരംഭിക്കാന്‍  എയര്‍ഇന്ത്യയും വിദേശ വിമാനകമ്പനികളും അനുമതി തേടിയിട്ടുണ്ട്. കരിപ്പൂര്‍  വഴി സൗദി അറേബ്യയിലേക്ക് യാത്ര സൗകര്യം പരിമിതമായതുകൊണ്ട് പ്രയാസത്തിലായിരുന്ന പ്രവാസികള്‍ക്ക് പുതിയ വിമാനങ്ങളുടെ വരവ് ആശ്വാസമാണ്.