ശബരിമല ഡ്യൂട്ടിക്കെത്തിയ കെ.എസ് ആർ.ടി സി ജീവനക്കാർക്ക് വിശ്രമിക്കാൻപോലും സൗകര്യങ്ങളില്ല

ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ കെ.എസ് ആർ.ടി സി ജീവനക്കാർക്ക് നിലയ്ക്കലിൽ വിശ്രമിക്കാൻപോലും  സൗകര്യങ്ങളില്ല.  ജീവനക്കാരുടെ ജോലി ക്രമീകരണത്തിലും പാളിച്ചയെന്നു ആരോപണം. 

സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്കു ചെയ്തു കെ എസ് ആർ ടി സി ബസുകളിലാണ് തീർത്ഥാടകർ പമ്പയിലേക്ക് പോകേണ്ടത്.  ഇതിനു വേണ്ടി ആകെ 250 എസി നോൺ എസി ബസുകളാണ്‌ തുടർച്ചയായി സർവീസ് നടത്തുന്നത്.  എന്നാൽ ഇടതടവില്ലാതെ ജോലിചെയ്യുന്ന ആയിരത്തോളം കെ.എസ്. ആർ.ടി.സി ജീവനക്കാർക്ക് വിശ്രമിക്കാൻ ഉള്ള സൗകര്യങ്ങൾ ഇവിടെയില്ല.  പലരും ബസുകളിൽ തന്നെയാണ് വിശ്രമവും. ചിലർ നിലക്കൽ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ ആണ് വിശ്രമിക്കുന്നത്.

കൂടുതൽ ബസുകൾ സർവിസുകൾ തുടങ്ങിയതും ജീവനക്കാരുടെ ജോലി ക്രമീകരണത്തെ ബാധിച്ചു.  മൂന്നു ഡ്യൂട്ടി കിട്ടിയിരുന്നിടത്തു ഇപ്പോൾ ലഭിക്കുന്നത് ഒരു ഡ്യൂട്ടി മാത്രം. നിലയ്ക്കലിൽ പുതിയ ബസ് സ്റ്റാൻഡിനും വിശ്രമം കേന്ദ്രത്തിനും പദ്ധതി ഉണ്ടായിരുന്നെകിലും നിർമാണം എങ്ങുമെത്തിയില്ല.