ശബരിമല സംഘപരിവാര്‍ നിലപാട് രാഷ്ട്രീയ ആയുധമാക്കാന്‍ സി.പി.ഐ

ശബരിമല വിഷയത്തിലെ സംഘപരിവാര്‍ നിലപാട് പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ സി.പി.ഐ. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകളില്‍ അഴിമതിയും മറക്കാനാണ് ബി.ജെ.പി ശബരിമല പ്രതിഷേധത്തിനിറങ്ങിയതെന്ന് സി.പി.ഐ കുടംബ സദസുകളില്‍ വിശദീകരിക്കും. ഇടതുമുന്നണി പ്രചാര യോഗങ്ങള്‍ക്ക് പിന്നാലെയാണ് സി.പി.ഐയുടെ  കുടുംബസദസുകള്‍.

ശബരിമല രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന തിരിച്ചറിവില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സി.പി.ഐ സ്വന്തം നിലയില്‍ രാഷ്ട്രീയ വിശദീകണത്തിനിറങ്ങുന്നത്. സുപ്രീംകോടതി ഉത്തരവും അതിന്റെ വഴികളും കുടുംബ സദസുകളില്‍ പാര്‍ട്ടി വിശദീകരിക്കും. പൊതുതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് സംസ്ഥാന വ്യാപകമായുള്ള കുടുംബ സദസുകള്‍ ലക്ഷ്യമിടുന്നത്. . വിശ്വാസത്തെ ചോദ്യം ചെയ്യാതെ ബി.ജെ.പി നടത്തിയ പ്രക്ഷോഭങ്ങള്‍ തുറന്നുകാട്ടുകയാണ് പ്രധാന അജന്‍ഡ.

കേന്ദ്രസര്‍ക്കാരിന്റെ അഴിമതികളും വീഴ്ചകളും കേരളത്തില്‍ ചര്‍ച്ചയാക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കുടുംബസദസുകളില്‍ വിശദീകരിക്കും. ഇടതുമുന്നണി നടത്തിയ പ്രചാരണങ്ങള്‍ക്ക് ശേഷം സാഹചര്യങ്ങള്‍ മാറിയതാണ് സി.പി.ഐയുടെ രാഷ്ട്രീയ നീക്കത്തിന് പിന്നില്‍.  ഡിസംബര്‍ 1 മുതല്‍ 20 വരെ നടത്തുന്ന കുടുംബ സദസുകള്‍ക്ക് പത്തനംതിട്ടയില്‍ തന്നെ തുടക്കമിടാനാണ് ആലോചന