ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും

മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്.മന്ത്രിയുടെ മണ്ഡലത്തിലെ മുഴുവന്‍ പൊതു പരിപാടികളില്‍ നിന്നും യു.ഡി.എഫ് വിട്ടു നില്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തവനൂരിലെ ആലത്തിയൂരിലെത്തുന്ന 19 ന് ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യു.ഡി.എഫ്  പ്രതിഷേധ സംഗമം നടത്തും

മന്ത്രി കെ.ടി ജലീലിന്റെ  വാഹനം തടഞ്ഞും കരിങ്കൊടി കാണിച്ചുമാണ് നിലവില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.മന്ത്രിക്കെതിരായ ആരോപണങ്ങളുടെ എണ്ണം കൂടുമ്പോള്‍ പ്രതിഷേധവും കടുപ്പിക്കുകയാണ്. മന്ത്രിയുടെ മണ്ഡലമായ തവനൂരിലെ എല്ലാ പൊതുപരിപാടികളും യു.ഡി.എഫ് ബഹിഷ്കരിക്കും.19 ന് ആലത്തിയൂരില്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ ഉദ്ഘാടനത്തിന് 3 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുക. ഉദ്ഘാടന സമയത്ത് ആലത്തിയൂരില്‍ പ്രതിഷേധ സംഗമം നടത്താനാണ് യു.ഡി.എഫ് തീരുമാനം

മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും വിശദീകരണപൊതുയോഗം നടത്തും. പൊലിസിനെ ഉപയോഗിച്ച് നേരിടുകയാണെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു.