വ്യാജവാറ്റിന് അറസ്റ്റിലായ പിതാവിനെ രക്ഷിക്കാനെത്തി; മക്കളുടെ പേരിൽ കേസെടുത്തു

വ്യാജവാറ്റിനു പിടിയിലായ പിതാവിനെ രക്ഷിക്കാനെത്തിയ മക്കളുടെ പേരിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. വാമനപുരം എക്സൈസ് ഓഫിസിനു മുന്നിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആണു സംഭവം. 

പെരിങ്ങമ്മലയിൽ വ്യാജവാറ്റ് ഉള്ളതായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ മിഥുൻ ലാലിനു വിവരം ലഭിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ എക്സൈസ് സംഘം എത്തിയത്. പ്രദേശത്തു റെയ്ഡ് നടത്തി പെരിങ്ങമ്മല അടിപ്പറമ്പ് സ്വദേശി ശിവാനന്ദനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 600 ലീറ്റർ കോടയും പിടിച്ചെടുത്തു. 

വാമനപുരം എക്സൈസ് ഓഫിസിൽ എത്തിച്ചു ശിവാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തി 4.30നു വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മക്കളെത്തി. എക്സൈസ് ഓഫിസിന്റെ പ്രവേശനകവാടത്തിൽ വച്ച് മക്കളെത്തി ജീപ്പ് തടയുകയും പ്രതിയെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും എക്സൈസ് ഇൻസ്പെക്ടർ പറയുന്നു. 

കൂടുതൽ എക്സൈസുകാർ ഓടിയെത്തിയതോടെ ഇവർ രക്ഷപ്പെട്ടു. എക്സൈസ് അധികൃതർ വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ആർ.വിജയനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തു. ശിവാനന്ദനെ കോടതിയിൽ ഹാജരാക്കി.