പ്രളയ ശേഷവും പാഠം പഠിച്ചില്ല; മൂന്നാറിൽ നിയമങ്ങളൊന്നും പാലിക്കാതെ നിർമ്മാണം

പ്രളയത്തിനുശേഷം പുനരാരംഭിച്ച മൂന്നാർ  ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ  നിര്‍മാണം നിയമങ്ങളൊന്നും പാലിക്കാതെയെന്ന് പരാതി. പരിസ്ഥിതി ലോലമേഖലയില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മാണമെന്നാണ്  ആരോപണം.

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാർ സര്‍ക്കാര്‍  കോളജിന് സമീപത്താണ് ജൈവ വൈവിധ്യ ഉദ്യാനം  നിർമിക്കുന്നത്. കോടികൾ ചെലവഴിച്ച് ആരംഭിച്ച പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ കരാറുകാരൻ പണികൾ പൂർത്തീകരിക്കാൻ തയാറായില്ല. പാർക്ക് നിർമിക്കുന്ന ഭൂമി സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ പണികൾ വൈകി. പാർക്കിന്റെ പണികൾ ആരംഭിച്ച് നാല്  വർഷം പിന്നിട്ടു. പ്രളയകാലത്ത് മൂന്നാര്‍ സര്‍ക്കാര്‍ കോളജിന്റെ പിൻവശത്തെ വൻമല ഇടിഞ്ഞ് ഉദ്യാനത്തിന്റെ പകുതി ഭാഗത്തോളം  തകര്‍ന്നു.

കഴിഞ്ഞ ദിവസമാണ് മണ്ണ് മാറ്റുന്നതടക്കുള്ള പണികൾ പുനരാംരംഭിച്ചത്. എന്നാല്‍ ഉദ്യാന നിര്‍മാണം മൂന്നാര്‍ പഞ്ചായത്തിന്റെ അനുമതിയോടെയല്ലെന്നും അതീവ പരിസ്ഥിതിലോല മേഖലയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്നും ആരോപണമുണ്ട്. പഞ്ചായത്തിന്റെ നിരാക്ഷേപ പത്രവും പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ല.