പ്രളയനാശനഷ്ടകണക്ക് അബദ്ധങ്ങളുടെ കൂമ്പാരം; അർഹരായവർ പട്ടികയ്ക്ക് പുറത്ത്

മഹാപ്രളയത്തില്‍പ്പെട്ട വീടുകളുടെ നാശനഷ്ടക്കണക്ക് അബദ്ധങ്ങളുടെ കൂമ്പാരം. അര്‍ഹരായവരെ ഒഴിവാക്കിയും, നാശനഷ്ടങ്ങളുടെ അളവ് കുറച്ചുമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍നിന്നുള്ള കഴിഞ്ഞ ജൂലൈമാസത്തിലെ കുട്ടനാട് പ്രളയത്തിന്‍റെ ദൃശ്യങ്ങളാണിത്. ഇതിനുശേഷമുണ്ടായ മഹാപ്രളയത്തില്‍ ഇരട്ടിയിലധികമാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇത്രയധികം ജലനിരപ്പ് ഉയര്‍ന്നിട്ടും ഈ ഭാഗത്തെ പലവീടുകളും സര്‍ക്കാര്‍ പട്ടികയില്‍നിന്ന് പുറത്തായി. വെള്ളത്തില്‍മുങ്ങിപ്പോയ എഴുപത്തിനാലാം നമ്പര്‍ വീട് ഉദാഹരണം.

വീടിന്‍റെ പകുതിയോളം മുങ്ങിപ്പോയ ശ്രീകുമാറിന്‍റെ വീടിനുണ്ടായിരിക്കുന്ന നാശനഷ്ടം സര്‍ക്കാര്‍ കണക്കില്‍ പതിന‍ഞ്ച് ശതമാനംമാത്രം.തൊട്ടടുത്തുള്ള വീടും പട്ടികയ്ക്ക് പുറത്താണ്. പതിനഞ്ച് ശതമാനംവരെ നാശമുണ്ടായ വീടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഇതോടെ പട്ടികയിലുള്ളവര്‍ക്കുപോലും ഗുണംലഭിക്കില്ലെന്ന് ഉറപ്പായി.

സംസ്ഥാനത്തെ മൂന്നുലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ്റിയെഴുപത്തിയെട്ട് വീടുകളുടെ സര്‍വേയാണ് റീബില്‍ഡ് കേരളയെന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പൂര്‍ത്തികരിച്ചത്. പട്ടികയെക്കുറിച്ച് ആക്ഷേപമുള്ളവര്‍ പഞ്ചായത്തില്‍ അപ്പീല്‍ നല്‍കാനാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.