ബിഎംഎസ് നേതാവിന്റെ ഗുണ്ടായിസം; പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു

എറണാകുളം കൂത്താട്ടുകുളത്ത് പെട്രോള്‍  പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ബിഎംഎസ് നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ വധശ്രമത്തിന്  േകസെടുത്തു. അക്രമത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്.  നിസാര വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ ജീവനക്കാരനു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്‍റെ  ദൃശ്യങ്ങളടക്കമുളള തെളിവുകള്‍ പൊലീസ് ശേഖരിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൂത്താട്ടുകുളം പട്ടണത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പില്‍ ഈ അക്രമം അരങ്ങേറിയത്.  ബിഎംഎസ് നേതാവ് രാജുവിന്‍റെ ഓട്ടോറിക്ഷയില്‍ ഡീസല്‍ നിറയ്ക്കുന്നതിനിെട അല്‍പം ഡീസല്‍ പുറത്തു പോയി. ഇതേചൊല്ലി തര്‍ക്കമായി.ഇതോടെ രാജു പുറത്തു നിന്നു ചിലരെ വിളിച്ചു വരുത്തുകയും പിന്നീട് ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇന്ധനം നിറയ്ക്കുന്ന ഡിസ്പെന്‍സറിന്‍റെ നോസില്‍ കൊണ്ട് രാജു ജീവനക്കാരന്‍റെ തലയില്‍ ഒന്നിലേറെ തവണ ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മര്‍ദനത്തിനു േശഷം കടന്നുകളയാന്‍ ശ്രമിച്ച രാജുവിനെയും സംഘത്തെയും തടയാന്‍ ജീവനക്കാരന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. 

തലയ്ക്ക് പരുക്കേറ്റ ജീവനക്കാരന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രാജുവിനും കൂട്ടാളികള്‍ക്കുമെതിര വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.