മരണഗ്രൂപ്പിൽ കുടുങ്ങി ആത്മഹത്യ; കൈമുറിച്ച ചിത്രം സ്റ്റാറ്റസാക്കിയ കുട്ടിയെ വിളിച്ചുവരുത്തി

സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളിൽ കുടുങ്ങി വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ കണ്ണൂർ റെയ്ഞ്ച് എസ്പി സുനിൽകുമാർ വയനാട്ടിലെത്തി. ആത്മഹത്യ നടന്ന കണിയാമ്പറ്റ, കമ്പളക്കാട് എന്നിവിടങ്ങളിലെത്തിയ അദ്ദേഹം മരണഗ്രൂപ്പിന്റെ പിടിയിലെന്നു സംശയമുള്ള വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ആത്മഹത്യ ചെയ്ത കുട്ടികളുടെ കൂട്ടുകാരെയും രക്ഷിതാക്കളെയുമാണ് പൊലീസ് വിളിച്ചുവരുത്തിയത്.

ചൊവ്വാഴ്ച കയ്യിൽ മുറിവുണ്ടാക്കിയ ചിത്രം സ്റ്റാറ്റസാക്കിയ കുട്ടിയേയും  അന്വേഷണ സംഘം വിളിച്ചു വരുത്തി. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. ആത്മഹത്യ ചെയ്ത വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന ഫോൺ വിരലടയാളം ഉപയോഗിച്ചു ലോക്ക് ചെയ്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറൻസിക് സയന്റിഫിക് ലാബിലാണു പരിശോധന നടക്കുന്നത്.

കൽപറ്റ- മൈസൂരു ദേശീയപാതയിൽ ഈയിടെ ഉണ്ടായ ബൈക്ക് അപകടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്ത വിദ്യാർഥികളിലൊരാളുടെ മുറിയിൽ കണ്ടെത്തിയ പെയിന്റിങ്ങുകളുടെ ചുവടുപിടിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ട്രാപ് 7 എന്ന് രേഖപ്പെടുത്തിയ ഡിസൈൻ ചുമരിലുണ്ട്. സംഭവവുമായി ഈ പെയിന്റിങ്ങുകൾക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നാണു പരിശോധന.

ഓൺലൈൻ സൂയിലൈഡ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മുഴുവൻ സൈബർ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം. തീവ്രസ്വഭാവമുളള ഏതെങ്കിലും സംഘടനകൾ ഇത്തരം ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടോയെന്നാണ് ഇനി കണ്ടെത്താനുളളത്.