നിയമയുദ്ധം; അധ്യയനം തുടങ്ങി നാലുമാസം പിന്നിട്ടപ്പോള്‍ അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക പുറത്ത്

അധ്യയനം തുടങ്ങി  നാലുമാസം പിന്നിട്ടപ്പോള്‍  ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങി. സര്‍ക്കാരും ഒരുവിഭാഗം അധ്യാപകരും തമ്മിലുണ്ടായ നിയമയുദ്ധമാണ് പട്ടിക വൈകാന്‍ കാരണമായത്. സ്കൂള്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ അധ്യാപകര്‍ മാറുന്നത് പഠനത്തെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ അപാകത ചൂണ്ടികാട്ടിയായിരുന്നു  ഒരുകൂട്ടം അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചത്.  സ്ഥലമാറ്റ പട്ടിക നടപ്പാക്കരുതെന്ന ഹര്‍ജി കോടതി തള്ളി. നിശ്ചിത സമയത്തിനുള്ളില്‍ പരാതിപ്പെട്ടവര കേട്ട് തീര്‍പ്പുണ്ടാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് നിര്‍ദേശവും നല്‍കി. ഇതേതുടര്‍ന്ന് പഈ മാസം പന്ത്രണ്ടാം തീയതി കരട് ലിസ്റ്റ് പുറത്തിറക്കി. ഇതില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിഷ്ക്കരിച്ച അന്തിമ ലിസ്റ്റ് പുറത്തിറക്കിയത്. എന്നാല്‍ അധ്യയനവര്‍ഷത്തിന്റെ മധ്യത്തില്‍ അധ്യാപകര്‍ മാറുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്. 

പ്രളയത്തെത്തുടര്‍ന്ന് ഈ അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും നഷ്ടപ്പെട്ടിരുന്നു. ഉത്തരവ് മരവിപ്പിക്കണമെന്ന ആവശ്യവുമായി വിവിധ അധ്യാപകസംഘനടകളും രംഗത്തെത്തിയിട്ടുണ്ട്.