സ്‌കൂട്ടറിലെത്തി സിആർപിഎഫ് കോൺസ്റ്റബിൾ മാല പൊട്ടിച്ചെടുത്തു; ഞെട്ടൽ: അറസ്റ്റിൽ

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഡൽഹിയിൽ ജോലി ചെയ്യുന്ന തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനിൽക്കുന്നതിൽ വിജിത്തിനെയാണു (28) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നിത്തല കല്ലുമ്മൂട് കാട്ടിൽ മുക്കിനു സമീപമായിരുന്നു മോഷണം. 

നടന്നുപോയ ചെന്നിത്തല കിഴക്കേവഴി കേശവഭവനത്തിൽ കോമളത്തിനോട് (58) വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ വിജിത് സമീപം സ്‌കൂട്ടർ നിർത്തി അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അവധിക്കു നാട്ടിലെത്തിയതായിരുന്നു വിജിത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണു വിജിത് പിടിയിലായത്. 

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാല പൊട്ടിക്കലുമായി ബന്ധപ്പെട്ടു വിജിത്തിന്റെ പേരിൽ കോട്ടയം ജില്ലയിലെ പാമ്പാടി സ്‌റ്റേഷനിൽ ഒന്നും കറുകച്ചാൽ സ്‌റ്റേഷനിൽ രണ്ടും കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. കവർന്ന ആഭരണങ്ങൾ തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും സ്വർണക്കടകളിലായിരുന്നു വിറ്റത്.