ബാർ കൗൺസിലിലെ സാമ്പത്തിക ക്രമക്കേടുകൾ: സിബിഐ അന്വേഷണം വേണം

ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയിലെ സാമ്പത്തിക ക്രമക്കേടുകളില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. അഭിഭാഷകരുടെ ക്ഷേമനിധിയിലേക്ക് പിരിച്ച കോടിക്കണക്കിനു രൂപ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

അംഗങ്ങളായ അഭിഭാഷകരില്‍ നിന്ന് ക്ഷേമനിധിയിലേക്ക് പിരിച്ച പത്തുകോടിയിലേറെ രൂപ ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ തലപ്പത്തിരുന്നവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. പണം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇപ്പോഴത്തെ അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തയാറാകുന്നില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. എജിയേയും ഡിജിപിയേയും മറികടന്ന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിനു കഴിയില്ലെന്നും സ്വതന്ത്ര അന്വേഷണത്തിന് സിബിഐയ്ക്ക് കേസ് കൈമാറണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം.

അഭിഭാഷകരുടെ ക്ഷേമത്തിനായി അച്ചടിച്ചിറക്കിയ സ്റ്റാംപിലും കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടന്നുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ നീക്കം.