ആദ്യം കണ്ടത് കുഞ്ഞിനെ; പുറത്തെടുക്കുമ്പോൾ ജീവന്റെ തുടിപ്പ്; എന്നിട്ടും..

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകളെ പുറത്തെടുക്കുമ്പോൾ ജീവന്റെ 

തുടിപ്പുകൾ ബാക്കിയുണ്ടായിരുന്നു.  തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ വഴിയരികിലെ രക്ഷാപ്രവർത്തനം കണ്ടാണ് ഇദ്ദേഹം വാഹനം നിർത്തിയത്.

തകർന്ന കാറിനുള്ളിൽ കുഞ്ഞിനെയാണ് ആദ്യം കണ്ടത്. നേരിയ ഞരക്കമുണ്ടായിരുന്ന കുഞ്ഞിനെ വാരിയെടുത്തു റോഡിലേക്കു നടന്നപ്പോഴേക്കും ഹൈവേ പൊലീസ് വാഹനം മുന്നിലെത്തി.   ആംബുലൻസിനു കാത്തുനിൽക്കാതെ പൊലീസ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കു കുതിച്ചു. 

പൊലീസുദ്യോഗസ്ഥൻ മുകേഷ് ആണ് വാഹനമോടിച്ചത്. ജീപ്പിൽ മുകേഷിനെക്കൂടാതെ ഗ്രേഡ് എസ്ഐ നാരായണൻ നായരും  പൊലീസുദ്യോഗസ്ഥനായ നിസ്സാമും ഉണ്ടായിരുന്നു.  പത്തുമിനിറ്റുകൊണ്ടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നിമിഷങ്ങൾക്കു മുൻപു മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇതോടെ തങ്ങളുടെ ശ്രമം വിഫലമായതിന്റെ വേദനയിലായി യുവാവും പൊലീസുകാരും.

തിരക്കിനിടയിൽ പേരുപോലും അറിയിക്കാതെ യുവാവ് പോകുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ ബാലഭാസ്കറുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടത്തിൽപെട്ടയാൾ പ്രശസ്തനായ വയലിനിസ്റ്റ് ബാലഭാസ്കറാണെന്നു രക്ഷാപ്രവർത്തനം നടത്തിയവർ പോലും അറിയുന്നത്.