ലോകമാധ്യമങ്ങളിലും തലക്കെട്ടുകള്‍ തീര്‍ത്ത് ഫ്രാങ്കോയുടെ അറസ്റ്റ്

ഇന്നലെ രാത്രി എട്ടുമണിയോടെ ബിഷപ്പ് ഫ്രങ്കോ അറസ്റ്റിലായതോടെ  ഇന്ത്യയിൽ ആദ്യമായിയാണ് ഒരു ബിഷപ്പ് പൊലീസ് പിടിയാലാകുന്നത്. സ്വന്തം സഭയിലെ കന്യാസ്ത്രിയെ പീഡിപ്പിച്ചന്നാ ഫ്രങ്കോക്ക് എതിരായ കേസ് ലോകമെങ്ങും ശ്രദ്ധിച്ചിരുന്നു. കാരണം ആഗോള കത്തോലിക്ക സഭ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പുരോഹിതർക്ക് എതിരായി ഉയർന്ന് വരുന്ന ലൈംഗിക ആരോപണങ്ങള്‍. ഈ വിഷയം ചർച്ചചെയ്യാൻ ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഫെബ്രുവരിയിൽ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് കേരളത്തില്‍ ബിഷപ്പ് ഫ്രങ്കോയെ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തന്നെ സമരരംഗത്ത് വന്നതും ആഗോള തലത്തിൽ ശ്രദ്ധ നേടിയിരുന്നു. 

ഒടുവിൽ ബിഷപ്പിനെ അറസ്റ്റ് സംഭവിച്ചപ്പോൾ ലോക മാധ്യമങ്ങളും കേരളത്തിലേക്ക് എത്തി. ബിബിസി, സി എൻ എൻ , ഡെയിലി മെയിൽ , ന്യൂയോർക് ടൈംസ്, അൽ ജസീറ, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമങ്ങൾ ബിഷപ്പിന്റെ അറസ്റ്റ് ലോകമെങ്ങും എത്തിച്ചു. ലോകത്തെവിടെയും സംഭവിക്കാൻ പാടില്ലാത്ത കാര്യം എന്നതിന് കൂടി ഊന്നൽ നൽകിയാണ് മാധ്യമങ്ങൾ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്. കേസിന്റെ നാൾവഴികൾ തേടി പോകുന്ന ബിബിസി പതിവ് പോലെ ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്ത്യാനികളുടെ ചരിത്രം അടക്കമുള്ള വിവരങ്ങൾ ഫ്രാങ്കോ അറസ്റ്റിൽ ആയ വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്. ജലന്ധറിൽ സ്ത്രീകൾ അടക്കം ഉള്ളവർ ബിഷപ്പിനു എതിരെ നടത്തുന്ന സമര ചിത്രങ്ങളുമായാണ് സി എൻ എൻ വാർത്ത നൽകിയത്. അറസ്റ്റിനെ തുടർന്ന് ജലന്ധറിൽ ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ സി എൻ എൻ എത്തിയെങ്കിലും പ്രതികരണം നല്കാൻ ആരും തയാറായില്ല എന്നും റിപ്പോർട്ട് വക്തമാക്കുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അധികാര ചിഹ്നങ്ങൾ ഇല്ലാതെ പുറത്തു വരുന്ന ഫ്രാങ്കോയുടെ‌ ചിത്രം സഹിതമാണ് റോയിട്ടേഴ്സ് വാര്‍ത്ത നൽകിയിരിക്കുന്നത്. അമേരിക്ക , ചിലി , ഓസ്ട്രേലിയ , ജർമനി എന്നിവിടങ്ങളിൽ സമാനമായ തരത്തിൽ മുൻപ് അറസ്‌റ് നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി അറസ്റ്റിൽ ആകുന്ന ബിഷപ്പാണ് ഫ്രാങ്കോയെന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.