വൈദ്യുതിക്കായുളള കാത്തിരിപ്പിന് അഞ്ചു പതിറ്റാണ്ട്; നരകയാതന

വീട്ടില്‍ വൈദ്യുതിക്കായുളള കാത്തിരിപ്പിന് അഞ്ചു പതിറ്റാണ്ട്. അധികാരികളുടെ അനാസ്ഥമൂലം മരണാസന്നതയിലും നരകയാതനയിലാണ്  ഇടുക്കി ജില്ലയിലെ കൊക്കയാര്‍ സ്വദേശികളായ വൃദ്ധ ദമ്പതികള്‍. മന്ത്രി എം .എം മണി ഇടപെട്ടിട്ടും   വീടിന് നമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി തയൈറാകാത്തതോടെ   വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.

കൊക്കയാര്‍ , വെംബ്ലി, പിളളച്ചിറ വീട്ടിലെ  ബേബി ,ഭാര്യ തങ്കമ്മ എന്നിവരാണ് മരണാസന്ന നിലയില്‍  അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്.  വയറിങ്ങ് പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായ  വീട്ടില്‍ ഇവര്‍ക്ക് കാറ്റുകൊള്ളണമെങ്കില്‍ കൊച്ചുമകന്‍ പാള വീശറികൊണ്ട് വീശിക്കൊടുക്കണം.

ഇവരുടെ ഇളയമകന്‍ തങ്കച്ചന്‍ വൈദ്യുതിക്ക് അപേക്ഷനല്‍കാന്‍  ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് പുലിവാലിനു തുടക്കമാവുന്നത്.തങ്ങള്‍ക്ക് പഞ്ചായത്ത് രേഖയില്‍ വീടുമില്ല പുരയിടവുമില്ല. പഴയനമ്പര്‍ പറഞ്ഞപ്പോള്‍ അതിപ്പോള്‍ ഒരു മതസ്ഥാപനത്തേന്റേതുമാണ്. പരിശോധന നടത്തി പുതിയ നമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപെട്ടെങ്കിലും അവര്‍ തയ്യാറായില്ല.

വൈദ്യുത മന്ത്രി എം.എം.മണിയുടെ ഒാഫീസുമായി ബന്ധപെട്ടു ശ്രമം നടത്തിയപ്പോള്‍ നിയമതടസ്സമില്ല, സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപെട്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതു കേട്ട ഭാവം നടിച്ചില്ല.

തങ്ങളുടെ മാതാപിതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ വൈദ്യുതി കിട്ടാന്‍ അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവര്‍, വൈദ്യുതി മന്ത്രിയുടെ ജില്ലയില്‍ ഇനിയും ഇരുട്ടില്‍ കഴിയേണ്ടി വരില്ലെന്ന പ്രതീക്ഷയോടെ.