പികെ.ശശിക്കെതിരായ പീഡനപരാതിയില്‍ പൊലീസ്നടപടികള്‍ ഇഴയുന്നു

ഷൊര്‍ണൂര്‍ എം.എല്‍.എ പികെ.ശശിക്കെതിരായ പീഡനപരാതിയില്‍ പൊലീസിന്റെ പ്രാഥമിക നടപടികള്‍ ഇഴയുന്നു. കേസെടുക്കാനാവുമോയെന്ന് ഡി.ജി.പി നിയമോപദേശം തേടി അഞ്ച് ദിവസമായിട്ടും മറുപടി ലഭിച്ചില്ല. സ്വമേധയാ കേസെടുക്കണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ച് നില്‍ക്കുകയാണ്.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചെങ്കിലും പൊലീസിന് ലഭിക്കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് ആദ്യം മുതലെ പൊലീസിന്റെ നിലപാട്. 

ഇതിനിടെയാണ് കെ.എസ്.യുവും .യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇത് പ്രാഥമിക പരിശോധനക്കായി ഡി.ജി.പി തൃശൂര്‍ റേഞ്ച് ഐ.ജിയ്ക്ക് കൈമാറി. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.

എന്നാല്‍ പരാതിക്കാരി പരാതി നല്‍കാതെ കേസെടുക്കാനാകുമോയെന്ന് അറിയാന്‍ ഡി.ജി.പി നിയമോപദേശം തേടി.വ്യാഴാഴ്ച ഉച്ചയ്ക്ക് നിയമോപദേശത്തിന് കൈമാറിയെങ്കിലും അഞ്ച് ദിവസം പിന്നിട്ടിട്ടും മറുപടി ലഭിച്ചില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതോടെ പ്രാഥമിക പരിശോധന പോലും തുടങ്ങാനായില്ല. പരാതിക്കാരി നേരിട്ട് രംഗത്ത് വരാത്ത പീഡനക്കേസുകളില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുകയും മൊഴിയില്‍ പീഡനം ആരോപിച്ചാല്‍ കേസെടുക്കുകയുമാണ് സാധാരണ ചെയ്യുന്നത്.

പ്രതികരിക്കാമെന്ന നിലപാടിലാണ് പെണ്‍കുട്ടിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ എം.എല്‍.എയ്ക്കെതിരെ പാര്‍ട്ടിക്ക് അപ്പുറം  നിയമപ്രകാരമുള്ള അന്വേഷണത്തിന് വഴിയൊരുങ്ങിയിട്ടില്ല.