‘പ്രളയ’ പ്രാഞ്ചിയേട്ടന്‍മാരെ കളിയാക്കി കലക്ടര്‍ ബ്രോ; ‘10 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഫ്ലക്സ്’

ദുരിതാശ്വാസ ക്യാംപില്‍ സഹായം നല്‍കി അത് ഫൊട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റുന്നവര്‍ അല്‍പന്‍മാരാണെന്ന് കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. സഹായം വാങ്ങുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കേണ്ടി വരാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ഓര്‍മ വേണം. ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം നല്‍കുന്നത് നല്ലകാര്യം. പക്ഷേ, ക്യാംപിലുള്ളവരെ അപമാനിക്കരുത്. അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യരുത്. വിശന്ന് വലഞ്ഞ് വരുന്ന മകന് ചോറു നല്‍കിയ േശഷം അമ്മ ആ ഫൊട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ ഇടുമോ?. അങ്ങനെയിട്ടാല്‍ എന്താകും സ്ഥിതി?. ഭക്ഷണം നല്‍കുന്ന അമ്മയെ ബഹുമാനിക്കൂ. ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം എത്തിക്കുന്നവരോടും ആ ബഹുമാനമുണ്ടാകും. പക്ഷേ, പത്തു രൂപയുടെ സഹായം ചെയ്ത് പത്തു ലക്ഷത്തിന്റെ  ഫ്ളക്സ് അടിക്കരുത്. 

അങ്ങനെ, ഫ്ളക്സ് അടിക്കുന്ന നിരവധി പേരെ നാട്ടില്‍ കാണാനുണ്ട്. സഹായിക്കുമ്പോള്‍ മനസിന് ഒരു സന്തോഷം കിട്ടും. സഹായിക്കുന്നതിന്റെ ഫൊട്ടോ ഇടുമ്പോഴും ഒരു സന്തോഷമുണ്ടാകും. പക്ഷേ, ഈ രണ്ടു സന്തോഷങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. കേരളം പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. അങ്ങനെ, പുനനിര്‍മിതി ചിന്തിക്കുമ്പോള്‍ സഹായം വാങ്ങേണ്ടി വരുന്നവന്റെ അഭിമാനം സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. അക്കാര്യം ഓരോരുത്തരും ശ്രദ്ധിക്കണം. പ്രളയത്തിന്റെ വെള്ളം ഇറങ്ങി തുടങ്ങിയ ഉടനെ മലയാളി അവന്റെ ‘കൊണം’ കാണിക്കരുത്. നിരവധി പേരാണ് പ്രളയത്തില്‍ കൈകോര്‍ത്തത്. 

രക്ഷാപ്രവര്‍ത്തനത്തിന് ഐ.ടി. സാങ്കേതിക സഹായം നല്‍കിയ ആറായിരത്തോളം യുവജനതയുണ്ട്. അവര്‍, ഓസ്ട്രേലിയയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ഇരുന്ന് ഐ.ടി. സഹായം നല്‍കിയവരാണ്. പൊതുവെ, യുവ തലമുറയെ പഴയതലമുറ രൂക്ഷമായി വിമര്‍ശിക്കും. ഉത്തരവാദിത്വമില്ലാത്തവരെന്നാണ് വിമര്‍ശനം. പക്ഷേ, പ്രളയം ഇരച്ചെത്തിയപ്പോള്‍ ആ യുവതലമുറ എല്ലാം മറന്ന് കൂടെനിന്നു. ആ സഹായം ഏറ്റുവാങ്ങിയ മുതിര്‍ന്ന തലമുറ വെള്ളമിറങ്ങിയപ്പോള്‍ അവരെ വേര്‍തിരിക്കുകയാണ്. ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ്. കലക്ടര്‍ ബ്രോയുടെ പ്രസംഗം കത്തിക്കയറിയത് തൃശൂര്‍ കാസിനോ ഹോട്ടലിലായിരുന്നു. ട്രിച്ചൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രളയക്കെടുതി ചര്‍ച്ചയായിരുന്നു വേദി.