കൈകളില്ലെങ്കിലും ആസിം ശേഖരിച്ചത് 53,815 രൂപ; കണ്ണുനിറയ്ക്കും ഈ വിഡിയോ

പഠിക്കുന്ന സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന അപേക്ഷയുമായെത്തിയ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിനെ ആരും മറന്നിട്ടുണ്ടാവില്ല. കൈകളില്ലെങ്കിലും കാലുകള്‍കൊണ്ട് എഴുതുന്ന ആസിമിനെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കികണ്ടത്. ഇപ്പോഴിതാ ആസിമിന്റെ ഉദാരമനസും മലയാളികളെ അമ്പരപ്പിക്കുന്നു. 

കണ്ണൂര്‍ ചെറുകുന്നിലെത്തിയാണ് മന്ത്രി ഇ.പി.ജയരാജനെ ആസിം നേരിട്ട് കണ്ട് പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയത്. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നല്‍കിയത്. 

പണത്തിന് പുറമെ കാലുകൊണ്ടെഴുതിയ ഒരു കത്തും ആസിം ഇ.പി.ജയരാജന് നല്‍കി. നമ്മുടെ നാടിനെ തിരിച്ച് കൊണ്ടുവരാന്‍ സര്‍ക്കാരിനൊപ്പം പങ്കാളിയാകുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് കത്തെഴുതിയിരിക്കുന്നത്. വിദ്യാര്‍ഥികളും നവകേരള നിര്‍മിതിയില്‍ പങ്കാളികളാകണമെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് പണം കൈമാറിയതെന്നും ആസിം പറയുന്നു. സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ഉടമ കൂടിയാണ് മുഹമ്മദ് ആസിം.