ക്രൂഡ് ഓയിലിന്റെ അന്നത്തെയും ഇന്നത്തെയും വില; ‘പൊള്ള ന്യായം’ പൊളിച്ച് മോദിക്കെതിരെ ബല്‍റാം

രാജ്യത്തെ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് നടക്കുന്ന ഹർത്താൽ തുടരുകയാണ്. ഇന്ധനവില വര്‍ധനയ്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത  ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി നടത്തുന്നത്. ഹർത്താലിന് അഭിവാദനങ്ങള്‍ നേർന്നുകൊണ്ട് പാലക്കാട് എംഎൽഎ വിടി ബൽറാമും രംഗത്തെത്തി. മോദി സർക്കാരിന്റെ പെട്രോൾ വിലനിർണയത്തിനെ കണക്കുകൾകൊണ്ട് ചോദ്യം ചെയ്തിരിക്കുകയാണ് ബൽറാം. പെട്രോളിന് വിലകൂടുമ്പോൾ അത് മാർക്കറ്റ് സാഹചര്യങ്ങൾ മൂലമാണെന്ന ന്യായത്തിനെയാണ് ബൽറാം ചോദ്യം ചെയ്യുന്നത്. ഈ നയം മോദി സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് ബൽറാം പറയുന്നത്. 

'അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോൾ ആ പേര് പറഞ്ഞ് ഇവിടേയും ഉൽപ്പന്നങ്ങൾക്ക് വില കൂട്ടുന്നു. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇവിടെ പെട്രോൾ, ഡീസൽ വില കുറയാൻ അനുവദിക്കുന്നില്ല. തീരുവകൾ വർദ്ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുന്നു. മോദിക്ക് പ്രിയപ്പെട്ട ചില കുത്തകൾക്ക് ഒത്താശ ചെയ്യുന്നു'. മോദി സർക്കാർ നടപ്പിലാക്കുന്ന നയം ഇതാണെന്നാണ് ബല്‍റാം വ്യക്തമാക്കുന്നത്. 

'യുപിഎ സർക്കാർ പരാജയമാണെന്നതിന്‍റെ തെളിവാണ് വർധിച്ചുവരുന്ന ഇന്ധനവില..’ എന്നാണ് 2012 മെയ് മാസത്തിൽ നരേന്ദ്രമോദിയുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ട്വിറ്റർ അക്കൗണ്ടിലും പ്രത്യക്ഷപ്പെട്ട പോസ്റ്റ്. അന്ന് ഇന്ധനവില വർദ്ധനവിനെതിരെ ആക്രോശിച്ചവരാണ് ഇന്ന് സർവകാല റെക്കോഡിലെത്തിച്ചിരിക്കുന്നത്. 

യുപിഎ സർക്കാരിന്റെ കാലത്ത് ക്രൂഡ് ഓയിലിന് 107.09 ഡോളറായിരുന്നു വില. ഇപ്പോൾ അട് 73 ഡോളറാണ്. എന്നാൽ യുപിഎ കാലത്ത് പെട്രോളിന് 71.41 രൂപയും ഡീസലിന് 55.49 രൂപയുമായിരുന്നു നിരക്ക്. ഇപ്പോഴാകട്ടെ പെട്രോളി്ന് 79.51 രൂപയും ഡീസലിന് 71.55 രൂപയുമായി കുതിച്ചു. 8.10 രൂപ പെട്രോളിനും 16.06 രൂപ ഡീസലിനും കൂടി.  2014 ൽ പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്റരിന് 9.20 രൂപ. ഇന്ന് 19.48 രൂപ. വർധനവ് 111.70%. 2014 ൽ ഡീസലിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 3.46 രൂപ. ഇന്ന് ലിറ്ററിന് 15.33 രൂപ. വ്യത്യാസം 343.06%.ഇതിൽനിന്നും അന്താരാഷ്ട്ര മാർക്കറ്റ് ന്യായം വെറും പൊള്ള ന്യായമാണെന്ന് സമർത്ഥിക്കുകയാണ് വിടി ബൽറാം.