കിടക്കാന്‍ ഇടമോ കുടിക്കാന്‍ വെള്ളമോ ഇല്ലാതെ കുട്ടനാട്; കടുത്ത പ്രതിസന്ധി

പ്രളയജലം ഒഴിയാത്തതിനാല്‍ കിടക്കാന്‍ ഇടമോ കുടിക്കാന്‍ വെള്ളമോ ഇല്ലാതെ ഇപ്പോഴും അലയുകയാണ് കുട്ടനാട്ടിലെ കുറെയധികംപേര്‍. വീടുകളിലേക്ക് തിരിച്ചെത്തിയവരില്‍ പലരും സര്‍ക്കാരിന്റെ  കഞ്ഞിവെപ്പു കേന്ദ്രങ്ങളെയാണ് ഇപ്പോഴും ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. തൊഴില്‍ ഇല്ലാതായതോടെ കൂലിപ്പണിക്കാരായ കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 

ആലപ്പുഴ പറവൂര്‍ സ്വദേശിയായ മനോഹരന്‍ മുപ്പതുവര്‍ഷത്തിലധികമായി കുട്ടനാട്ടിലാണ് മീന്‍ വില്‍ക്കുന്നത്. ക്യാംപുകളറെയും പിരിച്ചുവിട്ടതിനാല്‍  കുറെയധികംപേര്‍  തിരിച്ചെത്തി എന്നറിഞ്ഞാണ് വീണ്ടും കച്ചവടത്തിനിറങ്ങിയത്. എന്നാല്‍ വെള്ളക്കെട്ട് കാരണം പതിവ് റൂട്ട് ഉപേക്ഷിക്കേണ്ടിവന്നു. വന്ന വഴിയിലാണെങ്കില്‍ പ്രതീക്ഷിച്ച ആളുമില്ല, വില്‍പനയും ഇല്ല. ആദായ വില്‍പന നടത്തിയാലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ. വഴികളില്‍ ഇപ്പോഴും ആളനക്കം കുറവാണ്. അടുപ്പുകളില്‍നിന്ന് പുകപോലും ഉയരുന്നില്ല.