പ്രളയത്തിൽ തകർന്ന ശാന്തിപാലം പുനര്‍നിര്‍മിച്ചു; നാട്ട‌ുകാര്‍ക്ക് കയ്യടി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന വണ്ടിപ്പെരിയാര്‍ ശാന്തിപാലം നാട്ട‌ുകാര്‍ പുനര്‍നിര്‍മിച്ചു. സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലം നിര്‍മിക്കാന്‍ അധികൃതരെ കാത്തുനില്‍ക്കാതെ നാട് കൈകോര്‍ക്കുകയായിരുന്നു. രണ്ടു ദിവസത്തിനകം ഗതാഗതം പുനസ്ഥാപിക്കും. 

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് അപ്രതീക്ഷിതമായി കുതിച്ചെത്തിയ വെള്ളം മേഖലയിലെ നിരവധി വീടുകൾ തകർത്താണ് പാലത്തിൽ എത്തിയത്. പാലത്തിന്റെ ഇരുകരകളിൽ നിന്നുമുള്ള അപ്രോച്ച് റോഡാണ് ആദ്യം ഒലിച്ചുപോയത്. പ്രദേശത്ത് നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ കട്ടപ്പന, കുമളി മേഖലകളിലേയ്ക്ക് നിത്യവും യാത്ര ചെയ്തിരുന്നത് ഈ പാലത്തിലൂടെയായിരുന്നു.

നാട്ടുകാർ ത്രിതല പഞ്ചായത്തുകളുമായി ബന്ധപ്പെട്ടെങ്കിലും തുക  ചെലവഴിക്കുന്നതിന് ഏറെ കാലതാമസം നേരിടുമെന്ന സൂചനയാണ് ലഭിച്ചത്. തുടർന്ന്  പ്രദേശവാസികൾ താൽക്കാലികമായെങ്കിലും പാലം സഞ്ചാരയോഗ്യമാക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. 

1990ലും നാട്ടുകാരായിരുന്നു  ഈ പാലം പണിതത്. വണ്ടിപ്പെരിയാർ, ഏലപ്പാറ, കുമളി, അയ്യപ്പൻകോവിൽ എന്നീ നാലു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രാധാനപ്പെട്ട  പാലമാണ് ശാന്തിപാലം . പാലം തകർന്നതോടെ പ്രദേശങ്ങളിലെ 600 ഓളം കുടുംബങ്ങളുടെ യാത്രാ സൗകര്യമാണ് ഇല്ലാതായത്. വണ്ടിപ്പെരിയാറിൽ വെള്ളമുയർന്നു് ദേശീയ പാതയിൽ ഗതാഗതം മുടങ്ങിയാൽ വാഹനങ്ങൾ തിരിച്ചുവിടുന്ന പ്രധാന റോഡിലെ പാലം കൂടിയാണ് വെള്ളപ്പാച്ചിലിൽ തകർന്നത് .