മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് തമിഴ്നാട്; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അണക്കെട്ടും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. വൈഗ അണക്കെട്ടിലേക്ക്  കൂടുതല്‍ വെള്ളമൊഴുക്കി റൂള്‍ കര്‍വ് പാലിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കില്ലെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ സ്റ്റാലിന്‍ ഉറപ്പുനല്‍കി.