മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകൾ കൂടുതൽ തുറന്നു; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി കടന്നതോടെ പത്ത് ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാര്‍ അധികജലം പുറത്തേക്ക് ഒഴുക്കുന്നത് കൂടി കണക്കിലെടുത്താണ് ചെറുതോണി ഡാമിന്‍റെ മൂന്ന് ഷട്ടറുകളും 80 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇടുക്കി ഡാമില്‍ നിന്ന് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍ വെള്ളമാണ്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.