ഇടുക്കിയില്‍ 31% വെള്ളം മാത്രം; മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയിലാവും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻകുറവ്.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറഞ്ഞു.  മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിലാകും. നിലവില്‍ അണക്കെട്ടിലുള്ളത് 2,332  അടിവെള്ളം മാത്രമാണ്.  ജലനിരപ്പ് 2280 അടിയിലെത്തിയാൽ വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും

കഴിഞ്ഞ വർഷം ഇതേദിവസെ സംഭരണശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു.അതായത്  2386.36 അടി. എന്നാല്‍  ഇപ്പോഴുള്ളത് സംഭരണശേഷിയുടെ 31 ശതമാനം ജലം  മാത്രമാണ്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തിയാല്‍ ജലനിരപ്പ്  അൻപത്തിയൊന്നു ശതമാനം കുറവ്.  31 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപ്പാദനത്തിന് അവശേഷിക്കുന്നത്.  മഴയുടെ അളവ് 59 ശതമാനം കുറഞ്ഞു.  ഇപ്പോള്‍ ജലനിരപ്പ് 2332 അടിയാണ്.  

ഇത് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും.  ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.  കഴിഞ്ഞ വർഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിച്ചിരുന്നത് ഇപ്പോൾ ആറു ദശലക്ഷം യൂണിറ്റാക്കി കുറച്ചു. ഒരു ജനറേറ്റർ പ്രവർത്തനം നിർത്തി വയ്ക്കാനുമ  തീരുമാനിച്ചു. ചെറുകിട ജല വൈദ്യുത പദ്ധതികളിൽ ഉൽപ്പാദനം കൂട്ടി ഇടുക്കിയിൽ പരമാവധി വെള്ളം സംഭരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്  ശക്തമാകണമെങ്കില്‍ മഴ ഒരാഴ്ചയെങ്കിലും തുടർച്ചയായി പെയ്യണം

Only 31% water left in Idukki dam; If there is no rain, power generation will be in crisis