വരുന്നു ഉഷ്ണക്കാറ്റ്; പിന്നാലെ മഴയും; ജാഗ്രതാ നിര്‍ദേശം

അടുത്ത രണ്ട് ദിവസം രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും ഇന്ത്യന്‍ ഉപദ്വീപിലും ഉഷ്ണക്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പുമായി ദേശിയ കാലാവസ്ഥാ വകുപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 9 വരെ കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ഒഡീഷ, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ്, വിദര്‍ഭ, കര്‍ണാടക, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍, തെലങ്കാന എന്നിവിടങ്ങളിലാണ് ഇന്നും നാളെയുമായി ഉഷ്ണക്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പുള്ളത്. നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, അസം, തൃപുര, അരുണാചല്‍ പ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, കേരള എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനമുള്ളത്. 

കര്‍ണാടകയുടെ വടക്കന്‍ ഭാഗങ്ങള്‍, റായലസീമ, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങള്‍, യനം എന്നിവിടങ്ങളില്‍ ഉഷ്ണക്കാറ്റിനുള്ള സാഹചര്യങ്ങള്‍ രൂപപ്പെടാന്‍ ആരംഭിച്ചു കഴിഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ഉഷ്ണക്കാറ്റ് നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. 

Heat wave is coming followed by rain, warning