ഓണമുണ്ണാൻ വീടില്ല; ക്യാംപിലെ സ്നേഹനന്മകൾക്കിടയിൽ സദ്യയു‍ണ്ണാൻ മലയാളികൾ

ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഒാണമുണ്ണാന്‍ വീടില്ല.  എങ്കിലുമവര്‍ക്ക് അഭയകേന്ദ്രങ്ങളില്‍  സ്നഹസമൃദ്ധമായ നന്മസദ്യയുണ്ട്. ദുരിതക്കെടുതിയില്‍ നിന്ന് കൈപിടിച്ചുകയറ്റാന്‍ ആളുണ്ടെന്ന പ്രത്യാശയിലാണവര്‍ ഈ ഒാണംകൊള്ളുന്നത്.

മാലോകരൊന്നായി വാണിരുന്ന മാവേലി നാട്ടിന്‍ കഥകളെല്ലാം പണ്ടാരാണ്ടോ പറഞ്ഞ സങ്കല്‍പമല്ലെന്ന് തെളിഞ്ഞു. മലയാളനാട് അനുഭവിക്കുകയാണ് ഇപ്പോഴത്. ഇത്തവണ  ഉത്രാടപ്പാച്ചില്‍ അവനനവനുവേണ്ടിയായിരുന്നില്ല. ഒാണക്കോടിയെടുത്തതും. 

ജലംകൊണ്ട് മുറിവേറ്റവര്‍ക്ക് തണലും തലോടലുമായി നമ്മള്‍ മലയാളികള്‍. നാട്ടിലെവിടെയും ഇതാണ് ഒാണക്കാഴ്ച. അത്തപ്പൂക്കളണിനിരക്കേണ്ട ഇടങ്ങള്‍ സ്നേഹത്തളങ്ങളായി. ആഘോഷപരിപാടികളുടെ വേദികള്‍ വേദനകളകറ്റാനുളള നിലപാടുതറകളായി.ഇടവപ്പാതിയുടെ കൂരിരുള്‍ മായുകയാണ് പതിയെ,  ചിങ്ങനിലാവ്  പരക്കുകയാണ് നിറയെ.

നഷ്ടങ്ങളും കഷ്ടങ്ങളുമാണ് നാലുചുറ്റും. കരകയറ്റം അത്ര എളുപ്പമല്ല, എന്നാല്‍ അസാധ്യവുമല്ല. ഇടവപ്പാതിയുടെ ഇരുണ്ടമേഘങ്ങള്‍ പോയിക്കഴിഞ്ഞു. ഇടനെഞ്ചുതകര്‍ത്തെറിഞ്ഞ ആ കര്‍ക്കിടകത്തെ ഇനി മറന്നുകളയാം. ചിങ്ങത്തിന്റെ തെളിവിരല്‍പിടിച്ച് കയറാം.ആരും തനിച്ചല്ല, തനിച്ചാക്കുകയുമില്ല. നമ്മള്‍ മാവേലിനാട്ടുകാരാണ്. മാനവികത ജന്മസിദ്ധമായുള്ളവര്‍.