അതിസാഹസികം; 10 ദിവസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച് കോസ്റ്റ്ഗാർഡ്; വിഡിയോ

പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശമാണ് ആലുവയിലെ കടുങ്ങല്ലൂർ. നിരവധിപേരാണ് ഇവിടെ വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ട് കുടുങ്ങി കിടന്നത്. രക്ഷാപ്രവർത്തകർ അതിസാഹസികമായാണ് ഇവിടെ ഉള്ളവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. 

ഇന്ത്യൻ കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. അക്കൂട്ടത്തിൽ 10 ദിവസം പ്രായമായ കുഞ്ഞിനെയും ഇവർ രക്ഷപെടുത്തി. അതിസാഹസികമായാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. 

കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കുന്ന വിഡിയോ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തന്നെയാണ് പുറത്തുവിട്ടത്. കോസ്റ്റ് ഗാർ‍‍ഡിന്റെ രക്ഷാപ്രവർത്തകർ കുഞ്ഞിനെ എടുത്ത് വളരെ പതുക്കെ താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന് കൊടുക്കുന്നതാണ് കാണാൻ സാധിക്കുക. സാഹസികത നിറ‍ഞ്ഞ ഈ രക്ഷാപ്രവർത്തനത്തിന് നിറകയ്യടിയാണ് ലഭിക്കുന്നത്.  രക്ഷാപ്രവർത്തനത്തിന്റെ മറ്റ് വിഡിയോകളും ഇവർ ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്.