രക്ഷിക്കണം; പ്രായമായവർ തളർന്നു കിടക്കുന്നു; ലൈവിലെത്തി യാചിച്ച് പെൺകുട്ടി

പ്രളയം രൂക്ഷമായ ആലുവയിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ഫെയ്സ്ബുക് ലൈവ്. ശ്രുതി പി.നായർ എന്ന പെൺകുട്ടിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് കടുങ്ങല്ലൂർ മേനോൻപറമ്പ് മണിയപ്പടി റോഡിലെ വീട്ടില്‍‍ നിന്നുമാണ് സഹായം അഭ്യർഥിച്ച് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മതിലുകൾ പോലും കാണാൻ സാധിക്കുന്നില്ല. 

വീട്ടിൽ രണ്ട് വയോധികരായ സ്ത്രീകൾ ഉണ്ടെന്നും ലൈവിൽ പറയുന്നുണ്ട്. ഇവർ തളർന്ന് കിടക്കുകയാണ്. രണ്ട് പേരും അവശനിലയിൽ കിടക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. രക്ഷാപ്രവർത്തകർ ഒന്നും തന്നെ ഇവിടേക്ക് എത്തുന്നില്ലെന്നും പറയുന്നു. കുടിക്കാൻ വെള്ളമില്ലാത്തതിനാൽ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും തുണിയിൽ ബക്കറ്റ് കെട്ടിത്തൂക്കി താഴെ നിന്നും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാനായി ഉപയോഗിക്കുകയാണെന്നും പറയുന്നുണ്ട്. 

പേടിപ്പെടുത്തുന്ന പല വാർത്തകളും കേൾക്കുന്നുണ്ട്. എന്നും ഇത് വ്യാജമാണോ ശരിയാണോ എന്ന് അറിയാതെ മരണഭയത്തിലാണ് കഴിയുന്നതെന്നുമാണ് കരഞ്ഞുകൊണ്ട് പെൺകുട്ടിയും വീട്ടുകാരും പറയുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ ഇവർ രക്ഷയ്ക്കായി കേഴുകയാണ്.