വിറങ്ങലിച്ച് മലബാറും; ഒറ്റപ്പെട്ട് മലയോരം; ദേശീയപാതയിലും വഴിമുടക്കം

വടക്കന്‍ കേരളത്തെയും മഴ ദുരിതത്തില്‍ മുക്കുകയാണ്. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെള്ളം കയറി. കല്‍പറ്റ മൈസൂരു പാതയിലും ഗതാഗതം നിലച്ചു. പാലക്കാട് ദേശീയപാതയിലും തടസ്സം സൃഷ്ടിത്ത മഴ ജവജീവിതത്തെ പാടേ കുരുക്കിലാക്കി.  

കോഴിക്കോട് നാലിടത്ത്  ഉരുൾപൊട്ടൽ. വെള്ളക്കെട്ട് മൂലം കോഴിക്കോട് വയനാട് ദേശീയ പാതയിലും കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലും ഗതാഗതം തടസപ്പെട്ടു. നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 

തുടർച്ചയായ മൂന്ന് തവണയാണ് കണ്ണപ്പൻ കുണ്ടിൽ ഉരുള്പൊട്ടലുണ്ടായത്. 150 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചു.

വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായ സഹചര്യത്തിൽ കണ്ണപ്പൻകുണ്ടിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. 292 കുടുംബങ്ങൾ ആണ് ഇവിടെയുള്ളത്.  കാക്കയതും ഉരുൾപൊട്ടി. കുറ്റ്യാടി ചുരത്തിലെ നാല് , പത്ത് വളവുകളിൽ ഉരുൾപൊട്ടൽ ഉണ്ടായി.  നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മാവൂർ റോഡ്, കോട്ടൂളി, മൂഴിക്കൽ, ഒളവണ്ണ എന്നിവിടങ്ങളിൽ വെള്ളം കയറി. കോഴിക്കോട് വയനാട് ദേശീയ പാതയിലും കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിലുണ്ടായ വെള്ളകെട്ട് ഗതാഗതം തടസപ്പെടുത്തി. 20 വീടുകളിൽ വെള്ളം കയറി.  കാറ്റു നിറയ്ക്കുന്ന വള്ളം ഉപയോഗിച്ച് കുടുങ്ങി കിടന്നവരെ  പുറത്തെത്തിച്ചു.  

വെള്ളകെട്ടും മണ്ണിടിച്ചിലും തുടരുന്നതിനാൽ മലയോര മേഖല കൂടുതൽ ഒറ്റപ്പെടുകയാണ്. കര കവിഞ്ഞൊഴുകുന്ന നദികളിലെ ജല നിരപ്പാകട്ടെ വീണ്ടും ഉയരുകയാണ്.

വയനാട്ടിലേക്ക് ദുരിതക്കയറ്റം

വയനാട് ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ 255 സെന്റീമീറ്ററാക്കി ഉയർത്തിയതിനാൽ പുഴകളും താഴ്ന്ന പ്രദേശങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. ഇന്നലെയും ഇന്നുമായി നാലായിരത്തോളം പേർ കൂടി ക്യാമ്പുകളിലെത്തി. 

പുലർച്ചെയും രാവിലെയും ശക്തി കുറഞ്ഞ മഴ പിന്നീട് ഇടവിട്ട് കനത്തു പെയ്യുകയാണ്. ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ വൈകുന്നേരം മുതൽ ഘട്ടം ഘട്ടമായി ഉയർത്തി.  വെള്ളക്കെട്ട് കുറച്ചൊക്കെ ഒഴിഞ്ഞു പോയ കോട്ടത്തറ, പടിഞ്ഞാറത്തറ പനമരം പഞ്ചായത്തുകളിൽ വീണ്ടും വെള്ളം ഉയർന്നു. ഇവിടെയുള്ള കൂടുതൽ കുടുംബങ്ങളെ ഇന്നലെ തന്നെ മാറ്റിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കപോലും  തോണിയിലാണ് അവശ്യ വസ്തുക്കൾ എത്തിക്കുന്നത്. ക്യാമ്പുകളിലേക്ക് ഇന്നും കൂടുതൽ പേരെത്തി. 19063 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 

മുത്തങ്ങ പൊൻകുഴിയിൽ ദേശീയപാതയിൽ വെള്ളം കയറിയതിനെത്തുടർന്ന് മൈസൂരു കല്പറ്റ പാതയിൽ ഗതാഗതം തടസപ്പെട്ടു. പേരിയ ചുരത്തിലും മണ്ണിടിഞ്ഞു തടസങ്ങളുണ്ടായി. ബത്തേരി പനമരം റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. തലപ്പുഴ കമ്പിപ്പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്തിയില്ല. 

മലപ്പുറം വെള്ളപ്പൊക്കത്തില്‍

ശക്തമായ മഴ തുടരുബോള്‍ മലപ്പുറം ജില്ലയിലെ പ്രധാന പാതകളിലെല്ലാം വെളളം കയറി ഗതാഗതം മുടങ്ങി. ഇന്നു രാവിലെ ജില്ലയില്‍ ആറിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഒാരത്തെ ഗ്രാമങ്ങളില്‍ വെളളം കയറി.

പാലക്കാട് ...കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം ഒാരാടംപാലം, വാറങ്കോട്, മേല്‍മുറി, കുറുപ്പത്ത് ഭാഗങ്ങളിലെല്ലാം വെളളം കയറി. ദേശീയപാതയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ പലവഴി തിരിച്ചുവിടുകയാണ്. മലപ്പുറം നഗരത്തിലെ  സ്വകാര്യാശുപത്രിയില്‍ വെളളം കയറിയതോടെ രോഗികളെ തോണിയില്‍ രക്ഷപ്പെടുത്തി.

പന്തല്ലൂര്‍  മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പരിസരത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഒളവട്ടൂരിനടുത്ത് പോത്തുംപട്ടിക്കല്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട രജീഷിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പുളിക്കല്‍ ഒാമാനൂര്‍ തീണ്ടാപ്പാറ റോഡില്‍ രാവിവെ ഉരുള്‍പൊട്ടലുണ്ടായി. ചാലിയാറും കടലുണ്ടിപ്പുഴയും അപകടരേഖകള്‍ കടന്ന് നിറഞ്ഞ് ഒഴുകുകയാണ്. റോഡിലേക്ക് വെളളം കയറിയും മണ്ണിടിഞ്ഞും നിലമ്പൂര്‍....ഗൂഢല്ലൂര്‍ പാതയില്‍ ഇടക്കിടെ ഗതാഗതം തടസപ്പെടുന്നുണ്ട്.

ഭാരതപ്പുഴയില്‍ നിന്ന് വെളളം കയറി പൊന്നാനി ഈശ്വരമംഗലം,പുറത്തൂര്‍, നദീനഗര്‍ ഭാഗങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊന്നാനിയില്‍ നിന്ന് ആറു മല്‍സ്യത്തൊഴിലാളികളേയുമായി കാണാതായ ബോട്ട് ചാവക്കാടു കണ്ടെത്തി.