പെരിയാര്‍ പരന്നൊഴുകുന്നു: ആലുവ വെള്ളപ്പൊക്കത്തില്‍: അതിജാഗ്രത

ഇടുക്കി അണക്കെട്ടിലെ വെള്ളം, ഇടമലയാർ അണക്കെട്ടിലെ വെള്ളം, പിന്നെ ഇന്നലെ മുതൽ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലം. ഒപ്പം നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴ.  ഇതെല്ലാം മൂലം പെരിയാറും നിറഞ്ഞുകവിയുകയാണ്. ഇത് ആലുവയെ വെള്ളത്തിലാക്കുന്നു. 

ഇടുക്കിയിൽ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. നീരൊഴുക്ക് ഇനിയും കൂട്ടുമെന്ന മുന്നറിയിപ്പും. ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായും മുങ്ങുന്ന അവസ്ഥയാണ്. 2013 ലാണ് ഇതുപോലെ ആലുവ വെള്ളപ്പൊക്കം നേരിട്ടത്. 100 കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനൊരുങ്ങുകയാണ് ഇവിടങ്ങളില്‍. ഇടുക്കിയിലേയും ഇടമലയാറിലേയും വെള്ളം ഒരുപോലെ പെരിയാറിന് താങ്ങാനാകുമോ എന്നതാണ് അലട്ടുന്ന കാര്യം. 

വെള്ളമെല്ലാം ഇറങ്ങി ജനങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയി താമസം തുടങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു, അപ്പോഴാണ് വീണ്ടും വെള്ളം കയറിത്തുടങ്ങിയത്. പെരിയാറിൽ ഒന്നോ രണ്ടോ അടി വെള്ളം കൂടിയാൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ ആലുവ നേരിടേണ്ടിവരും എന്നതാണ് ജില്ലാ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.

ഏലൂരില്‍ 50 വീടുകള്‍ വെള്ളത്തില്‍

പെരിയാർ സംഹാരരുദ്രയാകുന്നു. ഏലൂരിൽ 50 വീടുകൾ വെള്ളം കയറി. പാലറത്തുരുത്തിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. നാട്ടുകാരും അഗ്നിശമനാ സേയും ചേർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു. പറവൂർ പുത്തൻവേക്കിര പ്രദേശങ്ങളിൽ കുടുംബങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്നു. 2013ൽ പോലും ഇത്രം വെള്ളം പൊങ്ങിയിട്ടില്ലെന്ന് അനുഭവസ്ഥർ പറയുന്നു. 

പെരിയാർ പരന്നൊഴുകുകയാണ്. വ്യവസായ മേഖലയിലും വെള്ളം കയറി. ഫാക്ടറികളിൽ നിന്ന് രാസമാലിന്യങ്ങളും രാസപദാർഥങ്ങളും വെള്ളത്തിൽ കലരാനും സാധ്യതയുണ്ട്. ഒാഡിറ്റോറിയങ്ങളും പാർട്ടി ഒാഫീസുകളും എല്ലാം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നു. വെള്ളം കയറാൻ സാധ്യതയില്ലാത്ത വീടുകളിലേക്കും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.